354 കോടിയുടെ ബാങ്ക് തട്ടിപ്പ്; മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകനെതിരേ സിബിഐ കേസ്

മോസര്‍ ബെയര്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍കൂടിയായ രതുല്‍ പുരിക്കും കമ്പനിയിലെ മറ്റ് നാല് ഡയറക്ടര്‍മാര്‍ക്കുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. പ്രതിചേര്‍ത്ത ഡയറക്ടര്‍മാരുടെ ഓഫിസും വീടും അടക്കം ആറുസ്ഥലത്ത് സിബിഐ സംഘം റെയ്ഡ് നടത്തി.

Update: 2019-08-19 05:01 GMT

ന്യൂഡല്‍ഹി: 354 കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിക്കെതിരേ സിബിഐ കേസെടുത്തു. മോസര്‍ ബെയര്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍കൂടിയായ രതുല്‍ പുരിക്കും കമ്പനിയിലെ മറ്റ് നാല് ഡയറക്ടര്‍മാര്‍ക്കുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. പ്രതിചേര്‍ത്ത ഡയറക്ടര്‍മാരുടെ ഓഫിസും വീടും അടക്കം ആറുസ്ഥലത്ത് സിബിഐ സംഘം റെയ്ഡ് നടത്തി. രതുലിനെ കൂടാതെ പിതാവും മോസര്‍ ബെയര്‍ എംഡിയുമായ ദീപക് പുരി, ഡയറക്ടറും ഭാര്യയുമായ നിതാ പുരി, മറ്റ് ഡയറക്ടര്‍മാരായ സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

354 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ വിവിധ വകുപ്പുകള്‍പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഡി, ഡിവിഡി നിര്‍മാണരംഗത്തെ പ്രധാനപ്പെട്ട കമ്പനിയാണ് മോസര്‍ ബെയര്‍. രതുല്‍പുരിയുടെ കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. ഡല്‍ഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടി. 3,600 കോടിയുടെ അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളും രതുല്‍പുരി നേരിടുന്നുണ്ട്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് കേസിലെ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുരി കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതിയില്‍ ഹരജി നല്‍കിയിരുന്നു.  

Tags:    

Similar News