45 വയസിന് മുകളിലുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് കൊവിഡ് വാക്‌സിനെടുക്കാന്‍ നിര്‍ദേശം

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശമുണ്ടായത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Update: 2021-04-06 12:39 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ 45 വയസ് മുതല്‍ പ്രായമുള്ളവര്‍ കൊവിഡ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിക്കണമെന്ന് നിര്‍ദേശം. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശമുണ്ടായത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ തിങ്കളാഴ്ച മാത്രം ഒരുലക്ഷത്തോളം കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച 96,982 കേസുകളും 442 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. വകഭേദം വന്ന കൊവിഡ് വൈറസ് വ്യാപനം രാജ്യത്ത് ശക്തമാണ്. രണ്ടാം തരംഗം ശക്തമാവാന്‍ കാരണം മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്ള ജനങ്ങളുടെ അശ്രദ്ധയാണെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ പ്രതിദിനം 50,000 ഓളം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു.

ചൊവ്വാഴ്ച 47,288 പുതിയ വൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കൂടുതല്‍ പ്രായക്കാര്‍ക്കായി വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി പകുതിയോടെ കുത്തിവയ്പ്പ് ആരംഭിച്ചത് മുതല്‍ ഇതുവരെ എട്ട് കോടിയിലധികം ആളുകള്‍ക്ക് വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News