
ന്യൂഡല്‍ഹി: 2024ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും ഡോങ്‌ഗ്രെ അര്‍ചിത് പരാഗ് മൂന്നാം റാങ്കും നേടി. ആദ്യ 100 റാങ്കുകളില്‍ 5 മലയാളികള്‍ ഇടം പിടിച്ചു. മാളവിക ജി.നായര്‍ (45), നന്ദന ജിപി(47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യു (81), ദേവിക പ്രിയദര്‍ശിനി (95). ഫലം upsc.gov.in എന്ന വെബ്‌സൈറ്റില്‍ അറിയാം. 1132 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം നടക്കുക.
വിവിധ സര്‍വീസുകളിലേക്കായി 1009 പേരുടെ പട്ടിക (725 പുരുഷന്‍മാരും 284 സ്ത്രീകളും) യാണ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുള്ളത്. 5,83,213 പേരാണ് ഇക്കുറി ജൂണില്‍ നടന്ന പ്രിലിമിനറി പരീക്ഷ എഴുതി. ഈ കടമ്പ കടന്ന 14,627 പേര്‍ മെയിന്‍ സെപ്റ്റംബറില്‍ നടന്ന മെയിന്‍ പരീക്ഷ എഴുതി. ഈ പരീക്ഷയും കടന്ന 2845 പേരാണ് വ്യക്തിഗത അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷനല്‍ റിലേഷന്‍സുമായിരുന്നു ഒന്നും രണ്ടും റാങ്കുകാരുടെ ഓപ്ഷനല്‍ വിഷയങ്ങള്‍. മൂന്നാം റാങ്കുകാരനായ പരാഗ് ഫിലോസഫിയാണ് ഓപ്ഷനായി എടുത്തത്. ആദ്യ 25 റാങ്കുകാരില്‍ 14 പുരുഷന്‍മാരും 11 സ്ത്രീകളും ഇടംപിടിച്ചു. എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ്, മെഡിക്കല്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ബിരുദബിരുദാനന്തരധാരികളാണ് റാങ്കുജേതാക്കളിലേറെയും.