മോദിക്ക് ക്ലീന്‍ ചിറ്റ്: തന്റെ വിയോജിപ്പ് രേഖപ്പെടുത്തണം; നിലപാടിലുറച്ച് അശോക് ലവാസ
ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്റെ നടപടിയില്‍ തനിക്കുള്ള വിയോജിപ്പ് കമ്മീഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കാത്തതില്‍ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കമ്മീഷന്‍ അംഗം അശോക് ലവാസ വീണ്ടും രംഗത്ത്. ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്റെ നടപടിയില്‍ തനിക്കുള്ള വിയോജിപ്പ് കമ്മീഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായും സുതാര്യമായും പക്ഷപാതരഹിതമായും തീര്‍പ്പാക്കണമെന്നാണ് തന്റെ താല്‍പര്യമെന്ന് അശോക് ലവാസ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഒന്നിലധികം അംഗങ്ങളുള്ള എല്ലാ സമിതികളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായാല്‍ അത് ഉത്തരവില്‍ രേഖപ്പെടുത്തുക എന്നതാണ് ഭരഘടനാപരമായ രീതി. അതാണ് താന്‍ ഉന്നയിക്കുന്ന ആവശ്യം. മറ്റ് നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിച്ചത് സുപ്രിംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ വ്യക്തമാക്കി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സുപ്രധാന യോഗം ചേരാനിരിക്കെയാണ് ലവാസയുടെ പ്രതികരണം.
ഇടഞ്ഞുനില്‍ക്കുന്ന അശോക് ലവാസയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്മീഷന്റെ പ്രത്യേക യോഗം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതിയില്‍ കമ്മീഷന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കമ്മീഷന്റെ യോഗങ്ങളില്‍നിന്ന് അശോക് ലവാസ വിട്ടുനിന്നിരുന്നു. കമ്മീഷന്റെ രേഖകളില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിഷയവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ അധ്യക്ഷന്‍ സുനില്‍ അറോറ രണ്ടുതവണ ലവാസയ്ക്ക് കത്തയച്ചിരുന്നു.