കോണ്‍ഗ്രസ്- എഎപി സഖ്യം: കെജ്‌രിവാള്‍ മലക്കം മറിഞ്ഞെന്ന് രാഹുല്‍; പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ചത് രാഹുലെന്ന് കെജ്‌രിവാള്‍

സഖ്യത്തില്‍നിന്ന് കെജ്‌രിവാള്‍ മലക്കം മറിഞ്ഞെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍, രാഹുല്‍ പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്‌രിവാള്‍ തിരിച്ചടിച്ചു. ട്വിറ്ററിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്.

Update: 2019-04-15 17:35 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ്- എഎപി സഖ്യത്തെച്ചൊല്ലി മുഖ്യമന്ത്രി കെജ്‌രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്‌പോര്. സഖ്യത്തില്‍നിന്ന് കെജ്‌രിവാള്‍ മലക്കം മറിഞ്ഞെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍, രാഹുല്‍ പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്‌രിവാള്‍ തിരിച്ചടിച്ചു. ട്വിറ്ററിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. കോണ്‍ഗ്രസ്- എഎപി സഖ്യത്തില്‍ തീരുമാനം വൈകുന്നതിന്റെ ഉത്തരവാദിത്വം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം രംഗത്തുവന്നത്. നാലു സീറ്റുകള്‍ എഎപിക്ക് നല്‍കാന്‍ തയ്യാറായെങ്കിലും കേജരിവാള്‍ നിലപാട് മാറ്റിയെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്- എഎപി സഖ്യംവന്നാല്‍ ബിജെപി തുടച്ചുനീക്കപ്പെടും. സഖ്യതീരുമാനത്തില്‍ സമയം അതിക്രമിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം, ഡല്‍ഹിയിലെ സഖ്യത്തിന്റെ കാര്യത്തില്‍ എഎപി എന്ത് മലക്കംമറിയലാണ് നടത്തിയതെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ എല്ലായിടത്തും മോദി വിരുദ്ധ വോട്ടുകള്‍ രാഹുല്‍ ഭിന്നിപ്പിക്കുകയാണ്. ചര്‍ച്ചകള്‍ തുടരുകയാണ്. ഈ സമയത്ത് ഇങ്ങനെയൊരു പ്രസ്താവന എന്തിനാണ്. രാഹുലിന് സഖ്യം രൂപീകരിക്കാന്‍ താല്‍പര്യമില്ല. താല്‍പര്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മാത്രമാണ് ശ്രമമെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 

Tags:    

Similar News