മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട നരസിംഹാവതാരമാണ് കൊറോണ: ഹിന്ദു മഹാസഭ അധ്യക്ഷന്‍
പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാർക്കു കൊറോണയ്ക്കെതിരേ പ്രതിരോധശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണു കൊറോണ വൈറസ് ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കോവിഡ് ലോകമെമ്പാടും പടർന്നുപിടിച്ചു നൂറുകണക്കിനു പേർ മരിക്കുകയും ആരോഗ്യ വിദഗ്ധര്‍ വൈറസിനെതിരേ ചികിൽസയും വാക്സിനും കണ്ടെത്താനുള്ള കഠിനശ്രമവും നടത്തുന്ന സാഹചര്യത്തിലാണ് ചക്രപാണിയുടെ വിവാദ പരാമർശം.
കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്. നരസിംഹാവതാരമാണ്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹാരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാൻ എത്തിയതാണിത്. കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാർഥിക്കണം. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്നു പ്രതിജ്ഞയെടുക്കണം. അങ്ങനെയെ കൊറോണയുടെ കലി അടങ്ങൂ. ചൈനക്കാർ അങ്ങനെ ചെയ്താൽ ഈ അവതാരം തിരികെ അതിന്റെ ലോകത്തിലേക്ക് പോകുമെന്നും ചക്രപാണി പറഞ്ഞു.
പകർച്ചവ്യാധിയിൽ നിന്ന് രക്ഷപെടാന്‍ കൊറോണയുടെ വിഗ്രഹം ഉണ്ടാക്കി മാപ്പ് തേടാൻ ചൈനീസ് പ്രസിഡന്റിനെയും ചക്രപാണി ഉപദേശിച്ചു. പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാർക്കു കൊറോണയ്ക്കെതിരേ പ്രതിരോധശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ വന്യജീവികളുടെ ഇറച്ചി വരെ വിൽക്കുന്ന മാർക്കറ്റുകളിൽ നിന്നാണ് കൊറോണ പടർന്നതെന്നാണ് നിഗമനം. വുഹാനിലെ കടൽഭക്ഷ്യ ഇനങ്ങൾ വിൽക്കുന്ന മാർക്കറ്റുകളുമായി ബന്ധപ്പെട്ടവർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്.