ലൂഡോ കളിക്കിടെ ചുമച്ചു; കൊറോണയെന്നാരോപിച്ച് സുഹൃത്തിനെ യുവാവ് വെടിവച്ചു
പ്രശാന്തിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട ജയ്‌വീറിനെ ഇതുവരെയും അറസ്റ്റുചെയ്യാന്‍ പോലിസിന് സാധിച്ചിട്ടില്ല.
ന്യൂഡല്‍ഹി: ലൂഡോ ഗെയിം കളിക്കുന്നതിനിടെ ചുമച്ചപ്പോള്‍ കൊറോണ പരത്തുകയാണെന്നാരോപിച്ച് യുവാവിന് നേരേ സുഹൃത്ത് വെടിയുതിര്‍ത്തു. ഗ്രേറ്റര്‍ നോയിഡയിലെ ദയാനഗര്‍ ഗ്രാമത്തില്‍ ജാര്‍ച്ചാ പോലിസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കാലിന് ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് സിങ് എന്ന 25 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ലോക്ക് ഡൗണ്‍ നിലനില്‍ക്കെയാണ് നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ലൂഡോ ഗെയിം കളിച്ചുകൊണ്ടിരുന്നത്. കളിയ്ക്കിടെ പ്രശാന്ത് ചുമച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുല്ലു എന്ന ജയ്‌വീര്‍ സിങ് (30) വുമായി തര്‍ക്കമുണ്ടായി. പ്രശാന്ത് മനപ്പൂര്‍വം കൊറോണ വൈറസ് പകര്‍ത്തുകയാണെന്ന് വിചാരിച്ച് ജയ്‌വീര്‍, കൈയിലിരുന്ന തോക്കെടുത്ത് പ്രശാന്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
കൊറോണ പരത്തുകയാണോയെന്ന് ചോദിച്ചായിരുന്നു വെടിയുതിര്‍ത്തതെന്നാണ് റിപോര്‍ട്ടുകള്‍. പ്രശാന്തിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട ജയ്‌വീറിനെ ഇതുവരെയും അറസ്റ്റുചെയ്യാന്‍ പോലിസിന് സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരും ദയാനഗര്‍ ഗ്രാമവാസികളായ കര്‍ഷകരാണെന്ന് പോലിസ് പറയുന്നു. പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് അറസ്റ്റുചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.