കൊവിഡ് 19: രാജ്യത്ത് മരണം 75 ആയി; രോഗം സ്ഥിരീകരിച്ചത് 3,072 പേര്‍ക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13 പേര്‍ മരിക്കുകയും 525 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നു. അവസാനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍പ്രകാരം 75 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 3,072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13 പേര്‍ മരിക്കുകയും 525 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള ഈ പ്രദേശങ്ങളില്‍ വൈറസ് പടരാതിരിക്കാനുള്ള നിയന്ത്രണപദ്ധതിതയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 26 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 537 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്തത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരസാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധസാമഗ്രികള്‍, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത വിലയിരുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. രാജ്യത്തെ കൊവിഡ് ബാധിതരിലധികവും യുവാക്കളും മധ്യവയസ്‌കരുമാണെന്ന കണക്കാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവര്‍. 21 നും 40നും മധ്യേ പ്രായമുള്ളവര്‍ 40 ശതമാനം. 41നും 60നും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനം.
ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ 9 ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൊവ്വാഴ്ച മന്ത്രിതല ഉപസമിതി യോഗം ചേരും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇരുയോഗങ്ങളും. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഡല്‍ഹി എല്‍ജെപി ആശുപത്രിയിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. വൈറസ് ബാധിതരുടെ എണ്ണം 3,000 കടന്നെങ്കിലും വ്യാപനത്തിന്റെ തോത് കുറവായതിനാല്‍ പരിഭ്രാന്തരാവേണ്ടിതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിദിനം പതിനായിരത്തിലധികം ടെസ്റ്റുകള്‍വരെ നടത്തുന്നതിനുള്ള ക്രമീകരണം വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.