ലോക്ക് ഡൗണ്‍ സമയത്ത് കാര്‍ഷിക മേഖലയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കണം: ഉപരാഷ്ട്രപതി

കാര്‍ഷികോല്‍പ്പന്നങ്ങളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഈ സമയത്ത് ഗതാഗത തടസ്സമുണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Update: 2020-04-15 15:42 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഉയര്‍ന്ന പരിഗണന നല്‍കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഈ കാലയളവില്‍ കൃഷിയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കുനീക്കവും സുഗമമാക്കാനും ഉപരാഷ്ട്രപതി നിര്‍ദേശിച്ചു.

ഉപരാഷ്ട്രപതി ഭവനില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തിയ ചര്‍ച്ചയില്‍ കാര്‍ഷികമേഖലയുടെ സംരക്ഷണത്തിനായി കൃഷി മന്ത്രാലയം സ്വീകരിച്ച വിവിധ നടപടികളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഉല്‍പാദകരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

എളുപ്പം നശിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളായ പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണത്തിനും വിപണനത്തിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കൃഷിക്കാരില്‍ നിന്ന് നേരിട്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്ന തരത്തില്‍ എപിഎംസി നിയമം ഉചിതമായി പരിഷ്‌കരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് നായിഡു പറഞ്ഞു.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഈ സമയത്ത് ഗതാഗത തടസ്സമുണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ അധികൃതരോട് ആവശ്യപ്പെട്ടു. വിളവെടുപ്പ് കാലമായതിനാല്‍ കാര്‍ഷിക യന്ത്രസാമഗ്രികളും ഉപകരണങ്ങളും സുഗമമായി നീക്കാന്‍ സാധിക്കണം.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ കൃഷിമന്ത്രി വിശദീകരിച്ചു. കേന്ദ്ര കാര്‍ഷികമന്ത്രാലയം സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിസന്ധിഘട്ടത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൃഷിമന്ത്രി ഉപരാഷ്ട്രപതിക്ക് ഉറപ്പ് നല്‍കി. 

Tags:    

Similar News