കൊവിഡ് രോഗിയുടെ മരണം; ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു
ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.
ബംഗളൂരു: കൊവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു. ആംബുലന്‍സിന് തീയിടുകയും ചെയ്തു. ബംഗളൂരുവില്‍ നിന്ന് ഏകദേശം 500കിലോമീറ്റര്‍ അകലെയുള്ള ബെലഗാവി ബിഐഎംഎസ് ആശുപത്രിയിലായിരുന്നു സംഭവം. ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലിസ് കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രിയാണ് ആശുപത്രി ജീവനക്കാരെ ബന്ധുക്കള്‍ ആക്രമിച്ചത്.
കര്‍ണാടകയില്‍ 4,764 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഉയര്‍ന്ന കൊവിഡ് നിരക്കാണിത്. 55 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.