ഡല്‍ഹി: പാര്‍ലമെന്റില്‍ ഇന്നും ബഹളം; എംപിമാര്‍ മറുപക്ഷത്തേക്ക് പോയാല്‍ സസ്‌പെന്‍ഷനെന്ന് സ്പീക്കര്‍
രാവിലെ സഭ തുടങ്ങിയപ്പോള്‍തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ ബാനറുകളും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ അക്രമത്തില്‍ 47 പേര്‍ കൊല്ലപ്പെട്ട സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉയര്‍ത്തി വീണ്ടും പ്രതിപക്ഷം. രാവിലെ സഭ തുടങ്ങിയപ്പോള്‍തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ ബാനറുകളും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
എന്നാല്‍, കലാപത്തെച്ചൊല്ലി ചര്‍ച്ച വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്നുണ്ടായ ബഹളത്തിനിടെ ലോക്‌സഭയില്‍ കൈയാങ്കളുമുണ്ടായി. തന്നെ ബിജെപി വനിതാ എംപി ജസ്‌കൗര്‍ മീണ തല്ലിയെന്ന് രമ്യാ ഹരിദാസ് എംപി പൊട്ടിക്കരഞ്ഞു. ഹൈബി ഈഡന്‍, ഗൗരവ് ഗോഗോയ്, മണിക്ക ടാഗോര്‍ ഉള്‍പ്പടെ 15 എംപിമാരെ സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി സ്പീക്കര്‍ ഓം ബിര്‍ലയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് വീണ്ടും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. അതേസമയം, സഭയിലെ അംഗങ്ങള്‍ നടുത്തളംവിട്ട് മുന്നോട്ടുപോവരുതെന്ന് ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള കര്‍ശന നിര്‍ദേശം നല്‍കി.
മുന്നറിയിപ്പ് അനുസരിക്കാതെ മറുപക്ഷത്തേക്ക് പോവുന്ന എംപിമാര്‍ ആരായാലും ഒരു സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്റ് ചെയ്യുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ടുവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലേക്ക് വരാന്‍ പാടില്ലെന്നും ഓം ബിര്‍ള വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ആദ്യം ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിനാല്‍ രണ്ടുമണി വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഡല്‍ഹിയില്‍ സമാധാനം പുനസ്ഥാപിച്ച ശേഷം ചര്‍ച്ച നടത്താമെന്നായിരുന്നു ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നിലപാടെങ്കില്‍ ഇന്ന് സ്പീക്കര്‍ പറയുന്ന സമയത്ത് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍, അടിയന്തരമായി ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതേസമയം, ഡല്‍ഹിയിലുണ്ടായ അക്രമത്തില്‍ ആം ആദ്മി പാര്‍ട്ടി എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.