കൊല്‍ക്കത്തയില്‍ വനിത ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; വ്യാജ പ്രചരണം; ബര്‍ക്കാ ദത്തിനെതിരേ കേസെടുക്കും
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് പോലിസ്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും കൊല്‍ക്കത്ത പോലിസ് എക്സിലൂടെ അറിയിച്ചു. ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തിരുന്നു. ഇതിന്റെ വിഡിയോ ബര്‍ഖ ദത്ത് എക്സില്‍ പങ്കുവെച്ചിരുന്നു.
ബലാത്സംഗവും കൊലപാതകവും നടന്ന ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം അക്രമാസക്തരായ ജനക്കൂട്ടം നശിപ്പിച്ചു. പോലിസ് ഞങ്ങളെ സഹായിക്കാന്‍ ഒന്നും ചെയ്തില്ല എന്ന് ഒന്നിലധികം ഡോക്ടര്‍മാരോട് എന്നോട് പറഞ്ഞുവെന്ന അടിക്കുറിപ്പോടെയായിരുന്നു ദൃശ്യങ്ങള്‍ ബര്‍ഖ പുറത്തുവിട്ടത്.
എന്നാല്‍ ഈ പോസ്റ്റിന് എക്സിലൂടെ തന്നെ കൊല്‍ക്കത്ത പോലിസ് മറുപടി നല്‍കി.മാധ്യമപ്രവര്‍ത്തക തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ക്രൈം ഓഫ് സീന്‍ സെമിനാര്‍ റൂമാണ്. അത് കേടുകൂടാതെ ഇരിക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇതിനെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കുമെന്നും കൊല്‍ക്കത്ത പോലിസ് അറിയിച്ചു.
നാല്‍പതംഗ സംഘം ഇന്നലെയാണ് ആശുപത്രിയുടെ ചില ഭാഗങ്ങള്‍ അടിച്ചു തകര്‍ത്തത്. അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കല്ലേറില്‍ പോലിസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിനും പോലിസിനുമെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രതികളെ പൂര്‍ണമായും കണ്ടെത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ഹൈക്കോടതി നടത്തിയിരുന്നു.