ഡ്രഡ്ജര്‍ ഇടപാടിലെ അഴിമതി; ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ ഇടപാട് കേസ് കേരള ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍പോലും സാവകാശം നല്‍കാതെയാണ് കേസ് റദ്ദാക്കിയതെന്ന് ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ നെതര്‍ലന്റ്‌സ് ആസ്ഥാനമായ കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയ ഇടപാടില്‍ അഴിമതിയുണ്ടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. സാങ്കേതിക സമിതിയെപ്പോലും മറികടന്ന് ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്‌തെന്നാണ് കണ്ടെത്തല്‍. ഹോളണ്ടില്‍നിന്ന് ഡ്രജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല നിര്‍ണായക വസ്തുതകളും സര്‍ക്കാരില്‍നിന്ന് മറച്ചുവച്ചെന്നും ആരോപണമുണ്ട്.
എന്നാല്‍, സെന്‍ട്രല്‍ പര്‍ച്ചേസിങ് കമ്പനിയുടെ തീരുമാനപ്രകാരമാണ് ഇടപാടെന്ന ജേക്കബ് തോമസിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. എഫ്‌ഐആറില്‍ ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പൊതുപ്രവര്‍ത്തകനായ സത്യന്‍ നരവൂര്‍ നല്‍കിയ ഹരജിയിലും സുപ്രിംകോടതി ജേക്കബ് തോമസിന് നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയത്.