ഇഡിയെ ഉപയോഗിച്ച് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം: എം കെ ഫൈസി

ഇത്തരം റെയ്ഡുകളോ തെറ്റായ നടപടികളിലൂടെയോ പോപുലര്‍ ഫ്രണ്ടിന്റെ ദൃഢനിശ്ചയവും പോരാട്ട മനോഭാവവും തടസ്സപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ കഴിയുമെന്ന് കരുതുന്നുവെങ്കില്‍, സര്‍ക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ആ സ്വപ്‌നം ഒരു മിഥ്യയായി തുടരുക തന്നെ ചെയ്യും.

Update: 2020-12-03 11:42 GMT

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. നിലവില്‍ രാജ്യത്തെ ഏറ്റവും മോശം സേവനവും ഏറ്റവും കാര്യക്ഷമമല്ലാത്ത ഏജന്‍സിയുമാണ് ഇഡി. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശനസ്വരങ്ങളെയും ഭീഷണിപ്പെടുത്തുന്നതിനുള്ള മോദി സര്‍ക്കാരിന്റെ കൈയിലുള്ള വിലകുറഞ്ഞ ഉപകരണമായി ഇഡി മാറി. വ്യാജരേഖകളുമായി രാഷ്ട്രീയക്കാരെ കീഴടക്കുന്നതില്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു.

മൂടിവയ്ക്കാന്‍ ഏറെയുള്ളവരും കുറ്റവാളികളായവരും പൊതുസമൂത്തില്‍നിന്നും സര്‍ക്കാരില്‍നിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ദുര്‍ഭരണത്തിന്റെ ആറുവര്‍ഷം പിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും വലിയ പ്രതിസന്ധിയെയും ഭീഷണിയെയും നേരിടുകയാണ്. നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കിയാല്‍ മുസ്ലിംകളെ മാത്രമേ പ്രതികൂലമായി ബാധിക്കുകയുള്ളൂ എന്ന് ഭൂരിപക്ഷം ജനങ്ങളെയും വിശ്വസിപ്പിക്കുന്നതില്‍ സംഘപരിവാരം വിജയിച്ചതിനാല്‍ അതുമൂലമുണ്ടാവുന്ന എന്തുപ്രതിസന്ധിയെയും സഹിക്കാന്‍ ഫാഷിസ്റ്റ് വര്‍ഗീയവാദികള്‍ തയ്യാറായിരുന്നു. അതിനാലാണ് എല്ലാവരും അതിനെ എതിര്‍ക്കാതെ വളരെ നിശബ്ദത പാലിച്ചത്.

എന്നാല്‍, അടുത്തിടെ നടപ്പാക്കിയ കര്‍ഷക ബില്ലുകള്‍ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിടുന്നതായി ഒരുതരത്തിലും വിശദീകരിക്കാന്‍ കഴിയില്ലെങ്കിലും അത് സര്‍ക്കാരിനെതിരേ ശക്തമായി തിരിഞ്ഞുകുത്തുകയായിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കര്‍ഷകര്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ ഹബ്ബ് ആയ പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിലാണ്. ബലപ്രയോഗത്തിലൂടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താനും പ്രലോഭനങ്ങളിലൂടെ പിന്തിരിപ്പിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനുമുമ്പില്‍ പരാജയപ്പെട്ടിരിക്കുന്നു.

സര്‍ക്കാര്‍ പ്രതിസന്ധിയിലാവുമ്പോള്‍ പ്രധാന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിന് ചില തന്ത്രങ്ങള്‍ ഉപയോഗിക്കുക പതിവായിരിക്കുന്നു. മിക്കപ്പോഴും, അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങളോ തീവ്രവാദമോ ആണെങ്കില്‍, ഇത്തവണ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ ഇഡി റെയ്ഡുകളാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പ്രത്യേകിച്ച് ശഹീന്‍ബാഗ് സംഘടിപ്പിക്കുന്നതിന് 120 കോടി രൂപ ചെലവഴിച്ചെന്ന് ആരോപണങ്ങള്‍ സംബന്ധിച്ചായിരുന്നു ഇഡി അന്വേഷണം. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

ഇന്നത്തെ റെയ്ഡിനിടെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് രേഖാമൂലം നാട്ടുകാര്‍ക്ക് ഇഡി എഴുതി നല്‍കേണ്ടിവന്നത് ലജ്ജാകരമാണ്. നിരവധി സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബിജെപി നേതാക്കള്‍ അടുത്തിടെ കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്തിരുന്നു. വന്‍തോതില്‍ നടന്ന പണമിടപാടുകളെക്കുറിച്ച് ഇഡി ഒരിക്കലും അന്വേഷണം നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ വീടുകളൊന്നും റെയ്ഡ് ചെയ്തിട്ടില്ല.

തങ്ങളുടെ യജമാനന്‍മാര്‍ക്ക് അസംതൃപ്തി ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഇത്തരം റെയ്ഡുകളോ തെറ്റായ നടപടികളിലൂടെയോ പോപുലര്‍ ഫ്രണ്ടിന്റെ ദൃഢനിശ്ചയവും പോരാട്ട മനോഭാവവും തടസ്സപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ കഴിയുമെന്ന് കരുതുന്നുവെങ്കില്‍, സര്‍ക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ആ സ്വപ്‌നം ഒരു മിഥ്യയായി തുടരുക തന്നെ ചെയ്യും.

ഇന്ന് ഇഡി നടത്തിയ അനാവശ്യറെയ്ഡുകളെ എസ് ഡിപിഐ ശക്തമായി അപലപിക്കുന്നു. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ടിനോടൊപ്പം എസ്ഡിപിഐയും മുന്‍നിരയില്‍തന്നെയുണ്ടാവും. ഭീഷണികള്‍ക്ക് വഴങ്ങാന്‍ തയ്യാറാവാത്തവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്നും എം കെ ഫൈസി മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News