ഉക്രെയ്‌നിലെ ഇന്ത്യക്കാര്‍ സുരക്ഷിതര്‍; അത്യാവശ്യമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങണം, വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമം: വിദേശകാര്യമന്ത്രാലയം

Update: 2022-02-23 18:37 GMT

ന്യൂഡല്‍ഹി: റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം കേന്ദ്രസര്‍ക്കാര്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോള്‍ അവിടെ തുടരേണ്ട അടിയന്തര ആവശ്യമില്ലാത്തവരോട് ഇന്ത്യയിലേക്ക് താല്‍ക്കാലികമായി മടങ്ങിവരുന്നത് പരിഗണിക്കാനും നിര്‍ദേശിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയിലെയും ഉക്രെയ്‌നിലെയും വിവിധ നഗരങ്ങള്‍ തമ്മിലുള്ള വിമാനസര്‍വീസുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും മറ്റ് ഇന്ത്യന്‍ പൗരന്‍മാരുടെയും ആവശ്യത്തിന് അനുസൃതമായി വര്‍ധിപ്പിക്കാനായി കേന്ദ്ര വിദേശകാര്യ വകുപ്പും വ്യോമയാന വകുപ്പും വിവിധ വിമാനക്കമ്പനികളുമായി ചേര്‍ന്ന് പരിശ്രമിക്കുന്നുണ്ട്.

ഉക്രെയ്‌നിയന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിലൂടെ ഇപ്പോള്‍ ഉക്രെയ്‌നില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നിലവില്‍ വന്നു. ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി സാധാരണ നിലയില്‍തന്നെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഉക്രെയ്‌നില്‍നിന്ന് തിരികെ ഇന്ത്യയിലേക്കുവരുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം നല്‍കണമെന്ന ആവശ്യം ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്ക് മുന്നില്‍ ഉന്നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍നിന്നുള്ള അനവധി വിദ്യാര്‍ഥികളാണ് ഉക്രെയ്‌നിലെ വിവിധ മെഡിക്കല്‍ കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നത്. ഇവരുടെ സുരക്ഷ, കേന്ദ്രസര്‍ക്കാരിന്റെ പ്രഥമപരിഗണനയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 20,000 ഓളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും നിലവില്‍ ഉക്രെയ്‌നിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പല ഇന്ത്യക്കാര്‍ക്കും മടങ്ങിപ്പോവാന്‍ മാര്‍ഗങ്ങളില്ലാത്ത സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നിലവില്‍ ആരും തിരികെ വരാന്‍ നിര്‍ബന്ധിക്കുന്നില്ല. അതിനിടെ, ഇന്ത്യക്കാര്‍ക്ക് ഉക്രെയ്‌നില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചു. ഉക്രെയ്‌ന് പുറത്തേക്കുള്ള വിമാനങ്ങള്‍ക്ക് കടുത്ത ക്ഷാമമുണ്ടെന്നും തല്‍ഫലമായി വിമാന നിരക്ക് കുതിച്ചുയരുന്നതായി നിരവധി പരാതികള്‍ തനിക്ക് ലഭിക്കുന്നുണ്ട്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിമാന ടിക്കറ്റ് വാങ്ങാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News