ബാലാകോട്ട് പരാമര്‍ശത്തിലും മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
വോട്ടെടുപ്പ് ദിവസം അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയെന്ന പരാതിയിലും മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. എട്ടാമത്തെ പരാതിയിലാണ് മോദിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ബാലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് ദിവസം അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയെന്ന പരാതിയിലും മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. എട്ടാമത്തെ പരാതിയിലാണ് മോദിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഏഴ് പരാതികളിലും കമ്മീഷന്‍ തള്ളുകയായിരുന്നു. അതേസമയം, എട്ടാമത്തെ പരാതിയില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതിനെ കമ്മീഷണര്‍ അശോക് ലവാസ എതിര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് അരോപണം ഉന്നയിക്കുന്നതിനിടെയാണ് വീണ്ടും കമ്മീഷന്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രിക്ക് വിവാദപ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിലെത്താനുള്ള കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി സുപ്രിംകോടതിയെ അറിയിച്ചിരുന്നു.