ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമാ കെയര്‍ സെന്ററിലായിരുന്നു അന്ത്യം. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ രണ്ടിനാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.

Update: 2020-05-02 17:54 GMT

ന്യൂഡല്‍ഹി: ലോക്പാല്‍ സമിതി അംഗം റിട്ട. ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാഠി (62) കൊവിഡ് 19 ബാധിച്ച് മരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമാ കെയര്‍ സെന്ററിലായിരുന്നു അന്ത്യം. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ രണ്ടിനാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ ഹൃദയാഘാതമുണ്ടാവുകയും ശനിയാഴ്ച 8.45 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. ഛത്തീസ്ഗഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു. ലോക്പാലിലെ നാല് ജുഡീഷ്യല്‍ അംഗങ്ങളില്‍ ഒരാളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ജസ്റ്റിസ് ത്രിപാഠിയുടെ മകള്‍ക്കും ജോലിക്കാരനും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് ഇവര്‍ വൈറസ് മുക്തരായി. ബിഹാര്‍ സംസ്ഥാനത്തിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി സേവനം അനുഷ്ടിച്ച അദ്ദേഹം, പട്‌ന ഹൈക്കോടതി അഡീഷനല്‍ ജഡ്ജി സ്ഥാനത്തേക്ക് നിയമിക്കപ്പെടുകയും പിന്നീട് ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ലോക്പാലിലെ ജുഡീഷ്യല്‍ അംഗമായി അദ്ദേഹത്തെ നിയമിക്കുന്നത്. ലോക്പാല്‍ മേധാവി പി സി ഘോഷ് മരണവാര്‍ത്ത സ്ഥിരീകരിക്കുകയും ത്രിപാഠിക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.  

Tags:    

Similar News