കര്‍ഷക സമരം 38ാം ദിവസത്തിലേക്ക്; ചര്‍ച്ച പരാജയപ്പെട്ടാല്‍ മാളുകളും പമ്പുകളും അടയ്ക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്
ജനുവരി നാലിനാണ് കേന്ദ്രസര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരേ രാജ്യത്തെ കര്‍ഷകര്‍ ഡല്‍ഹിയിലെ കൊടുംതണുപ്പിനെ അവഗണിച്ച് നടത്തുന്ന പ്രക്ഷോഭം ഇന്ന് 38ാം ദിവസത്തിലേയ്ക്ക് കടക്കുന്നു. കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കടുത്ത നിലപാടുമായി മുന്നോട്ടുപോവുകയാണ് കര്‍ഷകര്‍. ജനുവരി നാലിനാണ് കേന്ദ്രസര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്.
നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക. ഈ ചര്‍ച്ചയും പരാജയപ്പെടുകയാണെങ്കില്‍ പുതിയ സമരമുഖം തുറക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചുപൂട്ടാന്‍ തുടങ്ങുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. ഇതുവരെ ഉന്നയിച്ച വിഷയങ്ങളില്‍ അഞ്ചുശതമാനം മാത്രമാണ് സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്ന് സിങ്കു അതിര്‍ത്തിയിലെ പ്രതിഷേധസ്ഥലത്ത് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച കര്‍ഷക യൂനിയന്‍ പ്രതിനിധികള്‍ പറഞ്ഞു.
തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഒന്നിലധികം പ്രതിഷേധ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടിവരും. കര്‍ഷകരുടെ പ്രതിഷേധം ശാഹീന്‍ബാഗ് വഴിക്ക് പോവുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കര്‍ഷക നേതാവ് യുധവീര്‍ സിങ് പറഞ്ഞു. ഞങ്ങള്‍ക്ക് ഈ സ്ഥലം വിടാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക, മിനിമം താങ്ങുവിലയ്ക്കു നിയമപ്രാബല്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് 40 കര്‍ഷക സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.
തിങ്കളാഴ്ച ചര്‍ച്ചയില്‍ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ആറിന് കുണ്ട്‌ലിമനേസര്‍- പല്‍വാള്‍ (കെഎംപി) എക്‌സ്പ്രസ് ഹൈവേയിലേക്ക് ട്രാക്ടര്‍ റാലി നടത്തും. അടുത്തയാഴ്ച ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകസമരത്തില്‍ കോര്‍പറേറ്റ് അനുകൂല ബുദ്ധിജീവികള്‍ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ ആസൂത്രണം ചെയ്യുകയാണെന്ന് ഓള്‍ ഇന്ത്യന്‍ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എഐകെഎസ്‌സിസി) മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചു.
മൂന്ന് നിയമങ്ങള്‍ റദ്ദാക്കുകയെന്ന ആവശ്യത്തില്‍ കുറഞ്ഞ് ഒരുവിട്ടുവീഴ്ചയ്ക്കും കര്‍ഷകര്‍ തയ്യാറല്ല. ഈ ബില്ലുകള്‍വഴി കാര്‍ഷിക വിപണികള്‍, കാര്‍ഷിക പ്രക്രിയകള്‍, കൃഷിക്കാരുടെ ഭൂമി, ഭക്ഷ്യസുരക്ഷ എന്നിവ കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ ബദല്‍മാര്‍ഗമെന്തെന്ന് വിശദീകരിക്കാന്‍ കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. അതിനിടെ, കൊടുംതണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്നലെ ഒരു കര്‍ഷകന്‍കൂടി മരണപ്പെട്ടതായാണ് റിപോര്‍ട്ട്.