തമിഴ്‌നാട്ടില്‍ മൂന്ന് കുട്ടികളടക്കം അഞ്ചുപേര്‍ മുങ്ങി മരിച്ചു; അപകടം കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രക്കുളത്തില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അഞ്ചുപേര്‍ മുങ്ങി മരിച്ചു. കുട്ടിയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച നാലുപേരുമാണ് മരിച്ചത്. മരണപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. തിരുവള്ളൂര്‍ ജില്ലയിലെ പുതു ഗുമ്മിഡിപ്പൂണ്ടിയിലാണ് ദുരന്തമുണ്ടായത്. സുമതി (35), അശ്വിത (15), ജീവിത (14), നര്‍മദ (11), ജ്യോതിലക്ഷ്മി (30) എന്നിവരാണ് മരിച്ചത്. അലക്കാനും കുളിക്കാനുമായി അങ്കലമ്മന്‍ ക്ഷേത്രക്കുളത്തിലെത്തിയവരായിരുന്നു ഇവര്‍. സംഘത്തിലെ കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നതിനിടെ നര്‍മദ മുങ്ങിപ്പോവുകയും രക്ഷിക്കാനായി മറ്റുള്ളവര്‍ കുളത്തിലേക്ക് ഇറങ്ങുകയുമായിരുന്നു.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അശ്വതയുടെ സഹോദരന്‍ അശ്വന്ത് നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുളത്തിന്റെ മധ്യഭാഗത്ത് ആഴം കൂടുതലായതിനാലാണ് ആരും ഇറങ്ങാന്‍ തയ്യാറാവാതിരുന്നത്. പ്രദേശവാസികള്‍ പോലിസിനെയും അഗ്‌നിശമന സേനയേയും വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഇവര്‍ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.