ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്‌ന അന്തരിച്ചു. ഞായറാഴ്ച ഗാസിയാബാദിലെ വസതിയിലായിരുന്നു അന്ത്യം. സൈനിക ഉദ്യോഗസ്ഥനായിരുന്ന ത്രിലോക്ചന്ദ് ദീര്‍ഘകാലമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ ബോംബ് നിര്‍മാണ വിദഗ്ധനായിരുന്നു. ജമ്മു കശ്മീരിലെ റെയ്‌നാവാരി സ്വദേശിയായ ത്രിലോക്ചന്ദ് റെയ്‌ന 1990കളില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അവിടംവിട്ട് ഘാസിയാബാദിലെത്തിയത്.
1990കളില്‍ കാഷ്മീര്‍ വിട്ട് മുറാദ്‌നഗര്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കി. 10,000 രൂപ ശമ്പളമുണ്ടായിരുന്ന ത്രിലോക്ചന്ദിന് സുരേഷിന്റെ ഉയര്‍ന്ന ക്രിക്കറ്റ് പരിശീലന ഫീസ് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങള്‍ അഭിമുഖങ്ങളില്‍ സുരേഷ് റെയ്‌ന വെളിപ്പെടുത്തിയിരുന്നു.
സൈനികനായിരുന്ന തന്റെ പിതാവില്‍ നിന്നാണ് ജീവിതത്തിലെ ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് റെയ്‌ന നേരത്തെ പറഞ്ഞിരുന്നു. വിദേശ പര്യടനങ്ങളില്‍ അല്ലാത്തപ്പോഴെല്ലാം മാതാപിതാക്കള്‍ക്കൊപ്പമാണ് റെയ്‌ന താമസിച്ചിരുന്നു. 2020 ആഗസ്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്. കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായാണ് കളിച്ചത്.