ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നിടത്ത് സുരക്ഷാ സേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നാല് സായുധരെ സുരക്ഷാസേന വധിച്ചതായി ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. കശ്മീരിലെ പുല്‍വാമ, ഗന്ദര്‍ബാല്‍, ഹന്ദ്വാര മേഖലകളിലായി മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളാണുണ്ടായത്. പുല്‍വാമയില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരും ഗന്ദര്‍ബാല്‍, ഹന്ദ്വാര എന്നിവിടങ്ങളിലായി ലഷ്‌കര്‍ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.
ഒരു സായുധനെ ജീവനോടെ പിടികൂടിയതായും റിപോര്‍ട്ടുണ്ട്. രണ്ട് സായുധര്‍ കൊല്ലപ്പെട്ട ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ചേവകലന്‍ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമാണ് ആദ്യ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് രണ്ട് സായുധര്‍ കൂടി അവിടെ കുടുങ്ങിയിട്ടുണ്ടെന്ന് കരുതുന്നു. രാജ്വാര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ രാത്രി കശ്മീരിലെ അഞ്ചോളം ഇടങ്ങളിലാണ് ഓപറേഷന്‍ നടത്തിയതെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. കശ്മീരില്‍ സുരക്ഷാ സേന ഒന്നിലധികം ഓപറേഷന്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.