വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നശിച്ചെന്ന്; ഗവ്കാദല്‍ കൂട്ടക്കൊലക്കേസ് അവസാനിപ്പിച്ചതായി പോലിസ്
ശ്രീനഗര്‍: വെള്ളപ്പൊക്കത്തില്‍ സുപ്രധാന രേഖകള്‍ നശിച്ചതിനാല്‍, 60ഓളം പേര്‍ കൊല്ലപ്പെട്ട ഗവ്കാദല്‍ കൂട്ടക്കൊലക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായി ജമ്മു കശ്മീര്‍ പോലിസ്. കേസന്വേഷണം വൈകുന്നുവെന്ന പരാതിയെ തുടര്‍ന്നു റിപോര്‍ട്ടു നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലിസിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു ശ്രീനഗര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനു സമര്‍പിച്ച റിപോര്‍ട്ടിലാണു കേസ് അവസാനിപ്പിച്ചതായി വ്യക്തമാക്കിയത്. വെള്ളപ്പൊക്കത്തില്‍, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെട്ടതിനാലാണു കേസന്വേഷണം അവസാനിപ്പിച്ചതെന്ന വിചിത്ര വാദമാണു പോലിസ് റിപോര്‍ട്ടില്‍ ഉന്നയിക്കുന്നത്. 2014ലെ വെള്ളപ്പൊക്കത്തില്‍, കേസുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരുന്ന ക്രാല്‍കുദ് പോലിസ് സ്‌റ്റേഷന്‍ തകര്‍ന്നു. സ്‌റ്റേഷനിലുണ്ടായിരുന്ന കേസ് ഡയറി അടക്കമുള്ള സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടു. ഇതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു- പോലിസ് റിപോര്‍ട്ടില്‍ വ്യക്തമാക്കി. 1990 ജനുവരി 21നാണു അര്‍ധസൈനിക വിഭാഗം കശ്മീരികളെ കൂട്ടക്കൊല നടത്തിയത്. മേഖലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നവര്‍ക്കു നേരെ അര്‍ധസൈനിക വിഭാഗം വെടിവെക്കുകയായിരുന്നു. കശ്മീരിന്റെ ചരിത്രത്തിലെ വന്‍ കൂട്ടക്കൊലകളിലൊന്നായാണ് ഗവ്കാദല്‍ കൂട്ടക്കൊല വിലയിരുത്തപ്പെടുന്നത്.