മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; 16 കോച്ചുകള്‍ പാലത്തില്‍നിന്ന് നദിയിലേക്ക് വീണു
ഭോപാല്‍: മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ട്രെയിനിന്റെ 16 കോച്ചുകള്‍ പാലത്തില്‍നിന്ന് നദിയിലേക്ക് കൂപ്പുകുത്തി. മധ്യപ്രദേശിലെ അനുപൂരിനടുത്തായിരുന്നു അപകടം. കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍നിന്ന് വരികയായിരുന്ന ട്രെയിന്‍ മധ്യപ്രദേശിലെ കട്‌നിയിലേക്കുള്ള യാത്രയിലായിരുന്നു. അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ സ്ഥിതിചെയ്യുന്ന റെയില്‍വേ ട്രാക്കില്‍ വിള്ളലുകളുണ്ടായതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.
ട്രെയിനിന്റെ 16 ഓളം കോച്ചുകള്‍ താഴെയുള്ള ആഴമില്ലാത്ത നദിയിലേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് പ്രാഥമിക റിപോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോയില്‍ തകര്‍ന്ന നിരവധി കോച്ചുകള്‍ താഴെ കിടക്കുന്നതായി കാണാം. ചിലത് വേര്‍പെട്ടിട്ടില്ല. പാലത്തിലും താഴെയുള്ള വെള്ളത്തിലും ടണ്‍ കണക്കിന് കല്‍ക്കരി ഒഴുകിക്കിടക്കുന്നതും കാണാം. റെയില്‍ ഗതാഗതത്തെ ഇതുവരെയായും ബാധിച്ചിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.