ഗുജറാത്ത് കലാപക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ബില്‍ക്കിസ് ബാനു അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി
ഡല്‍ഹി: ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും. ബില്‍കിസ് ബാനുവിനെ ബലാത്സംഗത്തിന് വിധേയമാക്കിയവര്‍ക്കും കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവവര്‍ക്കും ശിക്ഷാഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുളള ഹര്‍ജികളിലാണ് വിധി. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. ശിക്ഷാഇളവ് നേടിയവര്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗ കേസുകളിലും പ്രതികളാണ്.
ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാല്‍ ശിക്ഷായിളവ് അര്‍ഹിക്കുന്നില്ല. മതവിരുദ്ധത മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടത്തിയത്. സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്, കുറ്റകൃത്യം ചെയ്തവര്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നുമായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം. 1992ലെ ശിക്ഷാ ഇളവ് നയപ്രകാരമാണ് തീരുമാനമെടുത്തത് എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ മറുപടി വാദം.
പ്രതികള്‍ക്ക് നല്‍കിയ ഇളവ് ചോദ്യം ചെയ്ത് ഒരു കൂട്ടം പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ തുടക്കത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയായിരുന്നു. പിന്നീട് ബില്‍ക്കിസ് ബാനു തന്നെ വിഷയത്തില്‍ റിട്ട് ഹര്‍ജി നല്‍കി. സിപിഐഎം നേതാവ് സുഭാഷിണി അലി, പ്രൊഫസര്‍ രൂപലേഖ വര്‍മ, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, മുന്‍ ഐപിഎസ് ഓഫീസര്‍ മീരന്‍ ചദ്ദ ബൊര്‍വാങ്കര്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് വുമണ്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ ശിക്ഷാകാലാവധിക്കുമുമ്പ് വിട്ടയക്കുന്നതില്‍ പ്രിസൈഡിംഗ് ജഡ്ജിയും അന്വേഷണ ഉദ്യോഗസ്ഥനും എതിര്‍പ്പ് ഉന്നയിച്ചെങ്കിലും ഇളവ് അനുവദിച്ചതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഭീകരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത തടവുകാരെ മോചിപ്പിച്ചത് ഭയവും വൈകാരിക ആഘാതവും ഉണ്ടാക്കിയതായി ബില്‍ക്കിസ് ബാനു വാദിച്ചു.
'തല പാറയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ബില്‍ക്കിസിന്റെ മൂന്നര വയസ്സുള്ള കുട്ടി ഉള്‍പ്പെടെ എട്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ കൊല്ലപ്പെട്ടു, ഗര്‍ഭിണിയായ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി, പ്രസവിച്ച് അധിക നാളുകളാകാത്ത സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആകെ 14 കൊലപാതകങ്ങള്‍. മൃതദേഹങ്ങള്‍ കണ്ടെടുത്ത അവസ്ഥ ഹൃദയഭേദകമാണ്, ഹൈക്കോടതി അത് വിശദമായി വിവരിച്ചിട്ടുണ്ട്. ക്രൂരവും പ്രാകൃതവുമായിരുന്നു ഈ കുറ്റകൃത്യങ്ങള്‍. ഒരു നിശ്ചിത ശിക്ഷാ കാലയളവ് വിധിച്ച കേസില്‍ സര്‍ക്കാര്‍ പരിഗണിക്കാന്‍ അവഗണിച്ച ഘടകങ്ങളാണ് ഇവിടെ വിഷയം. ഇളവ് അനുവദിക്കേണ്ട കേസല്ല ഇത്. ഇത്തരക്കാര്‍ പുറത്തുവന്നാല്‍ സമൂഹത്തില്‍ എന്ത് പ്രത്യാഘാതം ഉണ്ടാകും. ശിക്ഷിക്കപ്പെടുമ്പോഴുള്ള പരിഗണനകള്‍ പൂര്‍ണ്ണമായും അവഗണിക്കാനാവില്ല', എന്നായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷകയായ ശോഭ ഗുപ്തയുടെ വാദം.
14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 11 പ്രതികളെയും അവരുടെ പെരുമാറ്റം നല്ലതാണെന്ന് കണ്ടാണ് വിട്ടയക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. കേസ് സിബിഐ അന്വേഷിച്ചതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമായ അനുമതിയോടെയാണ് തീരുമാനമെന്നും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, അഭിഭാഷകരായ വൃന്ദ ഗ്രോവര്‍, അപര്‍ണ ഭട്ട്, നിസാമുദ്ദീന്‍ പാഷ, പ്രതീക് ആര്‍ ബോംബാര്‍ഡെ എന്നിവരാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയില്‍ ഹാജരായത്. ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് ഹാജരായത്. ശിക്ഷാ കാലാവധി തീരുന്നതിന് മുന്‍പ് വെറുതെവിട്ട 11 പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സിദ്ധാര്‍ത്ഥ് ലൂത്ര, ഋഷി മല്‍ഹോത്ര, എസ് ഗുരു കൃഷ്ണകുമാര്‍, അഭിഭാഷക സോണിയ മാത്തൂര്‍ തുടങ്ങിയവരും ഹാജരായി.