കൊവിഡ് ചികില്‍സ: ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍

ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, സഹായികള്‍, ആംബുലന്‍സുകളിലും ടെസ്റ്റിങ് സെന്ററുകളിലും ജോലിചെയ്യുന്നവര്‍ എന്നിവരുടെ ശമ്പളമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

Update: 2020-04-10 07:25 GMT

ഛണ്ഡിഗഡ്: കൊവിഡ് 19 രോഗികളെ ചികില്‍സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, സഹായികള്‍, ആംബുലന്‍സുകളിലും ടെസ്റ്റിങ് സെന്ററുകളിലും ജോലിചെയ്യുന്നവര്‍ എന്നിവരുടെ ശമ്പളമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ആരോഗ്യപ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രഖ്യാപനം.

കുടുംബവും ജീവഭയവും മറന്ന് ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സംസ്ഥാന ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. കൊവിഡ് വൈറസ് ബാധ ഒഴിയുന്നതുവരെ ഇത് തുടരും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനിടെ രോഗബാധയേല്‍ക്കുന്ന പോലിസുകാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രോഗബാധയേല്‍ക്കുന്ന പോലിസുകാരന്റെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ശമ്പളം ഇരട്ടിയാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്ന് ദേശീയ വക്താവും മുന്‍ ഹരിയാന എംഎല്‍എയുമായ രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. പോലിസ് ഉദ്യോഗസ്ഥരുടെയും ശമ്പളം മൂന്നുമാസത്തേക്ക് 50 ശതമാനം വര്‍ധിപ്പിക്കണമെന്നും ഈ സമയത്ത് അവരുടെ സേവനങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 169 പേര്‍ക്കാണ് ഹരിയാനയില്‍ ഇതുവരെ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് മരണങ്ങളും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Tags:    

Similar News