കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൊവിഡ് രോഗികള്‍ ഡോക്ടറുടെ മുഖത്ത് തുപ്പി

നവജാതശിശുക്കളുള്‍പ്പെടെയുള്ള അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രോഗികളെല്ലാം ചേര്‍ന്ന് പ്രതിഷേധിച്ചതെന്ന് പോലിസ് വ്യക്തമാക്കി.

Update: 2020-07-28 10:57 GMT

അഗര്‍ത്തല: വെസ്റ്റ് ത്രിപുരയിലെ കൊവിഡ് കെയര്‍ സെന്ററിലെ കൊവിഡ് രോഗികള്‍ ചേര്‍ന്ന് വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തതായി പരാതി. കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡോക്ടറെ ഉപദ്രവിച്ചതെന്ന് പോലിസ് പറഞ്ഞു. വെസ്റ്റ് ത്രിപുര ജില്ല നിരീക്ഷണ ഓഫിസര്‍ ഡോ. സംഗീത ചക്രവര്‍ത്തിയാണ് അക്രമത്തിനിരയായത്.

കൊവിഡ് കെയര്‍ സെന്ററില്‍ 300 കിടക്കകളാണുള്ളത്. 270 രോഗികളാണ് അഡ്മിറ്റായിട്ടുള്ളത്. അഞ്ച് പേരെക്കൂടി അഡ്മിറ്റ് ചെയ്യാനാണ് ഡോ സംഗീത ശ്രമിച്ചത്.

നവജാതശിശുക്കളുള്‍പ്പെടെയുള്ള അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രോഗികളെല്ലാം ചേര്‍ന്ന് പ്രതിഷേധിച്ചതെന്ന് പോലിസ് വ്യക്തമാക്കി. സെന്ററിലെ മറ്റ് ഡോക്ടേഴ്‌സ് രോഗികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഡോ സംഗീതയുടെ ദേഹത്ത് തുപ്പുകയും കൊവിഡ് വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി പോലിസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമം നടത്തിയ രണ്ടുപേരെ തിരിച്ചറിയാന്‍ സാധിച്ചതായി വെസ്റ്റ് ത്രിപുര പോലിസ് സൂപ്രണ്ട് മണിക് ലാല്‍ ദാസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട രോഗികള്‍ സുഖം പ്രാപിക്കുന്നത് കാത്തിരിക്കുകയാണെന്നും അതിന് ശേഷം നടപടി എടുക്കുമെന്നും പോലിസ് പറഞ്ഞു. 

Tags:    

Similar News