ഹെലികോപ്റ്റര്‍ അപകടം: അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നു; പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കും

Update: 2021-12-08 09:31 GMT

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനോട് വിവരങ്ങള്‍ തേടി. ഡല്‍ഹില്‍ അടിയന്തര മന്ത്രിസഭാ യോഗം നടക്കുകയാണ്. രാജ്‌നാഥ് സിങ് അപകട വിവരങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും. അതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച വ്യോമസേനയുടെ എം ഐ 17 V5 ഹെലിക്കോപ്റ്ററാണ് ഇന്ന് ഉച്ചയ്ക്ക് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഒമ്പതുപേരുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഏഴുപേര്‍ മരണപ്പെട്ടതായി റിപോര്‍ട്ടുകളുണ്ടെങ്കിലും കേന്ദ്ര പ്രതിരോധമന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേവരുടെ നില അതീവഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബിപിന്‍ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുണ്ട്.

Tags:    

Similar News