സ്വകാര്യതയും സര്‍ക്കാരിന്റെ ഒളിഞ്ഞുനോട്ടവും; ഇന്ത്യ ഏറ്റവും മോശം രാജ്യങ്ങളുടെ കൂട്ടത്തില്‍
ബ്രിട്ടന്‍ ആസ്ഥാനമായ കമ്പാരിടെക് എന്ന സ്ഥാപനമാണ് 47 രാജ്യങ്ങളിലെ സ്വകാര്യതാ സംരക്ഷണവും പൗരന്മാര്‍ക്കെതിരായ സര്‍ക്കാര്‍ നിരീക്ഷണവും സംബന്ധിച്ച് പഠനം നടത്തിയത്.
ന്യൂഡല്‍ഹി: പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ പ്രകടനം ഏറ്റവും മോശമെന്ന് പഠനം. ബ്രിട്ടന്‍ ആസ്ഥാനമായ കമ്പാരിടെക് എന്ന സ്ഥാപനമാണ് 47 രാജ്യങ്ങളിലെ സ്വകാര്യതാ സംരക്ഷണവും പൗരന്മാര്‍ക്കെതിരായ സര്‍ക്കാര്‍ നിരീക്ഷണവും സംബന്ധിച്ച് പഠനം നടത്തിയത്. ഒരു രാജ്യവും സ്വകാര്യതാ സംരക്ഷണത്തില്‍ സ്ഥിരത പ്രകടിപ്പിച്ചിട്ടില്ല. ഭൂരിഭാഗം രാജ്യങ്ങളും പൗരന്മാരെ കാര്യമായി നിരീക്ഷിക്കുന്നുമുണ്ടെന്ന് പഠനം പറയുന്നു.
സ്വകാര്യതാ നിയമം, നിരീക്ഷണ സംവിധാനത്തിലെ വിവേചനം എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ക്ക് 1 മുതല്‍ 5 വരെ പോയിന്റാണ് നല്‍കിയിരുന്നത്.
3.5 മുതല്‍ 5 പോയിന്റ് വരെയാണ് ഉയര്‍ന്ന സ്‌കോര്‍. സ്വകാര്യതാ സംരക്ഷണത്തില്‍ ഉന്നത നിലവാരവും സ്ഥിരതയും പുലര്‍ത്തുന്ന രാജ്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. രണ്ട് പോയിന്റിനോട് അടുത്ത് കിട്ടുന്ന രാജ്യങ്ങള്‍ സ്വകാര്യതയുടെ കാര്യത്തില്‍ പരാജയമാണെന്നാണ് കാണിക്കുന്നത്. പൗരന്മാരെ കര്‍ശനമായി നിരീക്ഷിക്കുന്നവ രണ്ട് പോയിന്റില്‍ താഴെ വരുന്നു.
2.4 ആണ് ഇന്ത്യയുടെ റാങ്കിങ്. ചൈന(1.8), റഷ്യ(2.1) എന്നിവയുടെ തൊട്ടുമുകളിലാണിത്. അതേ സമയം, ഇസ്രായേല്‍(2.9), ഫിലിപ്പീന്‍സ്(2.8) എന്നിവയേക്കാള്‍ വളരെ താഴെയാണ് ഇന്ത്യ. 2.7 മുതല്‍ 3.2വരെയാണ് ശരാശരി സ്‌കോര്‍. 3.2 റേറ്റിങുള്ള അയര്‍ലന്റാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ 3.1 സ്‌കോറുള്ള നോര്‍വേയാണ് മികച്ച പ്രകടനം കാഴ്ച്ചവച്ചത്.
ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിന്റെ അഭാവം, ആധാര്‍, കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം.