വിസിയെ നീക്കണമെന്ന് ജെഎന്‍യു അധ്യാപകര്‍; വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം

പോലിസ് മര്‍ദ്ദനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്നലെ പരിക്കേറ്റത്. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Update: 2019-11-19 09:00 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് നടപടിയ്‌ക്കെതിരേ ജെഎന്‍യു അധ്യാപകര്‍. ജെഎന്‍യുടി.എ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പോലിസ് നടപടിക്കെതിരേ അധ്യാപകര്‍ രംഗത്തെത്തിയത്.

കാഴ്ചയില്ലാത്തവരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ഥികളെ പോലും പോലിസ് മര്‍ദ്ദനത്തില്‍ നിന്നും ഒഴിവാക്കിയില്ലെന്നും വിദ്യാര്‍ഥികള്‍ക്കെതിരേ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും അധ്യാപകര്‍ പറഞ്ഞു. ജോര്‍ബാഗില്‍, സമാധാനം ഉറപ്പുവരുത്തുന്നതിനായി ജെഎന്‍യുടിഎയുടെ ഭാഗമായി പോയ അധ്യാപകരെപ്പോലും പോലിസ് വെറുതെ വിട്ടില്ലെന്നും അധ്യാപകര്‍ ആണെന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും പോലിസ് ആക്രമിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വൈദ്യചികിത്സ നല്‍കുന്നതില്‍ കാലതാമസമുണ്ടായി. ചില വിദ്യാര്‍ഥികള്‍ ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. ജെഎന്‍യു വൈസ് ചാന്‍സലറെ ആദ്യം നീക്കം ചെയ്യണമെന്നും ജെഎന്‍യുടിഎ ആവശ്യപ്പെട്ടു.

പോലിസ് മര്‍ദ്ദനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്നലെ പരിക്കേറ്റത്. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Similar News