ജെഎന്‍യുവില്‍ സമരക്കാര്‍ക്കുനേരേ എബിവിപി ആക്രമണം; വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിന് ഗുരുതര പരിക്ക്

ഐഷിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ഥി യൂനിയന്‍ ആരോപിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Update: 2020-01-05 14:53 GMT

ന്യൂഡല്‍ഹി: ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സമരം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കുനേരേ എബിവിപി ആക്രമണം. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ (ജെഎന്‍യുഎസ്‌യു) പ്രസിഡന്റ് ഐഷി ഘോഷിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഐഷിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ഥി യൂനിയന്‍ ആരോപിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലര്‍ എയിംസ് ആശുപത്രിയിലെ ട്രോമാ കെയറിലാണ്.


 മുഖംമൂടി ധരിച്ചവരാണ് തന്നെ അക്രമിച്ചതെന്ന് ഐഷി ഘോഷ് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാംപസിന് പുറത്തുള്ളവരും മര്‍ദിച്ചതായി പരാതിയുണ്ട്. അധ്യാപകര്‍ക്കടക്കം മര്‍ദനമേല്‍ക്കുകയുണ്ടായി. വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര യാദവിനും മര്‍ദനമേറ്റിട്ടുണ്ട്. ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരേ രജിസ്‌ട്രേഷന്‍ ബഹിഷ്‌കരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം സമരം ചെയ്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ എബിവിപി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അധ്യാപകസംഘടന നടത്തിയ പ്രതിഷേധപരിപാടിയ്ക്കിടെയായിരുന്നു ആക്രമണം.


 സംഘര്‍ഷത്തിനിടെ ഇരുവിഭാഗവും തമ്മില്‍ കല്ലേറുണ്ടായി. മുഖംമൂടി ധരിച്ചെത്തിയവര്‍ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് കാംപസിനകത്ത് പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. എബിവിപിക്കാരുടെ അതിക്രമം പോലിസും സെക്യൂരിറ്റി ഗാര്‍ഡുകളും നോക്കിനിന്നതായി വിദ്യാര്‍ഥി യൂനിയന്‍ കുറ്റപ്പെടുത്തി.


 കഴിഞ്ഞദിവസം വിദ്യാര്‍ഥി യൂനിയന്‍ അംഗങ്ങളെ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പരസ്യമായി മുഖത്തടിച്ചെന്നായിരുന്നു പരാതി.

Tags:    

Similar News