കര്‍ണാടക അതിര്‍ത്തികള്‍ അടച്ച സംഭവം: എളമരം കരിം എംപി പ്രധാനമന്ത്രിക്ക് കത്തുനല്‍കി
ഡയാലിസിസ്, കീമോ തെറാപ്പി തുടങ്ങി നിരന്തരം നടത്തേണ്ടിവരുന്ന ചികില്‍സയും തുടര്‍പരിശോധനകളും മുടങ്ങിയതിനാല്‍ പലരോഗികളും മരണഭീതിയിലാണ്.
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ കേരളവുമായുള്ള അതിര്‍ത്തികള്‍ മണ്ണിട്ടുമൂടിയ വിഷയത്തില്‍ എത്രയുംവേഗം ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി പ്രധാനമന്ത്രിക്ക് കത്തുനല്‍കി. അതിര്‍ത്തി ജില്ലകളില്‍നിന്നുള്ള രോഗികളും കച്ചവടക്കാരും ഉള്‍പ്പെടെയുള്ള മലയാളികള്‍ തൊട്ടടുത്തുള്ള കര്‍ണാടകയിലെ നഗരങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഈ നഗരങ്ങളിലേക്കുള്ള എല്ലാ സഞ്ചാരവും തടസ്സപ്പെടുത്തുന്ന തരത്തില്‍ ഏഴടിയോളം ഉയരത്തില്‍ മണ്ണിട്ടുമൂടുകയും അതിനു മുകളില്‍ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഇരുപതോളം റോഡുകളാണ് കര്‍ണാടക സര്‍ക്കാര്‍ അടച്ചിരിക്കുന്നത്.
കര്‍ണാടകയില്‍നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി, ഭക്ഷ്യധാന്യനീക്കത്തെയും ഈ നടപടി സാരമായി ബാധിച്ചിട്ടുണ്ട്. ഡയാലിസിസ്, കീമോ തെറാപ്പി തുടങ്ങി നിരന്തരം നടത്തേണ്ടിവരുന്ന ചികില്‍സയും തുടര്‍പരിശോധനകളും മുടങ്ങിയതിനാല്‍ പലരോഗികളും മരണഭീതിയിലാണ്. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ഗതാഗതനിയന്ത്രണമെന്ന നടപടിയില്‍ ഇളവുവരുത്തി ഇത്തരം അവശ്യസേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാന്‍ സാഹചര്യമൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.