കശ്മീര്‍ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ്; സഹായമാണ് ഉദ്ദേശിച്ചതെന്ന്
വാഷിങ്ടൺ: കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ്. കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥതയില്‍ സഹായമാണ് ഉദ്ദേശിച്ചതെന്ന് യു എസ് വിദേശകാര്യ വക്താവ് അറിയിച്ചു. കശ്മീര്‍ ഉഭയകക്ഷിപ്രശ്‌നം ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. നേരത്തെ കശ്മീരില്‍ മധ്യസ്ഥം വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. പ്രസ്താവന ഇന്ത്യ തള്ളിയതോടെയാണ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ് രംഗത്തെത്തിയിരിക്കുന്നത്. യുഎസ് വിദേശകാര്യ വകുപ്പിന്റെ ഒൗദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കശ്‍മീര്‍ വിഷയത്തില്‍ രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുടെ മധ്യസ്ഥത തേടിയെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വൈറ്റ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം. തുടർന്ന് വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിർദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ട്രംപിന്റെ പ്രസ്താവനയെ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. അതേസമയം, ട്രംപിന്റെ പ്രസ്താവന പ്രതിപക്ഷം ഏറ്റെടുത്തു. ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു. വിഷയം പാർലമെന്റിലും ഉന്നയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി സപ്തംബറിൽ അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.