ഡല്‍ഹിയില്‍ മൂന്നാംവട്ടവും കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റു
കെജ്‌രിവാളിനൊപ്പം ആറുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 2015ലെ മന്ത്രിസഭയിലെ മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്രപാല്‍ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ന്യൂഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരസ്മരണയിലാണ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്. കെജ്‌രിവാളിനൊപ്പം ആറുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 2015ലെ മന്ത്രിസഭയിലെ മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്രപാല്‍ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. കെജ്‌രിവാളിനെ മുഖ്യമന്ത്രിയായും ആറുമന്ത്രിമാരെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു. ഇത്തവണ 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ശുചീകരണത്തൊഴിലാളികള്‍, ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്‌കൂളിലെ പ്യൂണ്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 50 പേര്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം വേദി പങ്കിട്ടു. സത്യപ്രതിജ്ഞ മുന്നില്‍കണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡല്‍ഹി പോലിസില്‍നിന്നും പാരാ മിലിട്ടറിയില്‍നിന്നുമായി മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യതലസ്ഥാനത്ത് നിയമിച്ചിരുന്നത്. രാംലീല മൈതാനത്തേക്ക് പോവുന്ന എല്ലാ വഴികളും സിസിടിവി നിരീക്ഷണത്തിലാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മറ്റെന്തെങ്കിലും പരിപാടിയുടെ തിരക്കിലായതിനാലാവാം പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ഡല്‍ഹിയുടെ വികസനത്തിന് പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അനുഗ്രഹമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ ഡല്‍ഹിക്ക് പുറത്തുള്ള നേതാക്കളെയോ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കും താനെന്ന് രാംലീല മൈതാനിയെ സാക്ഷിനിര്‍ത്തി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.