കൊച്ചി മെട്രോ: രണ്ടാംഘട്ട പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് ഹൈബി ഈഡന്‍ എംപി
സാങ്കേതികമായ പല പ്രതിസന്ധികളും പ്രശ്‌നങ്ങളും മറികടന്ന് തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ചതും ആധുനികവുമായി തന്നെ പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, പിന്നീടുള്ള പ്രവര്‍ത്തനങ്ങളും രണ്ടാംഘട്ട മെട്രോ വികസനവും ഒന്നുംതന്നെ കാര്യക്ഷമമായി നടന്നിട്ടില്ല.
ന്യൂഡല്‍ഹി: കേരളത്തിന്റെ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. മെട്രോയുടെ ആദ്യലൈന്‍ 2017 ല്‍ പുര്‍ത്തീകരിക്കുകയും പദ്ധതിയുടെ രണ്ടാമത്തെ ലൈന്‍ 2019 കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കുകയുണ്ടായി. സാങ്കേതികമായ പല പ്രതിസന്ധികളും പ്രശ്‌നങ്ങളും മറികടന്ന് തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ചതും ആധുനികവുമായി തന്നെ പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, പിന്നീടുള്ള പ്രവര്‍ത്തനങ്ങളും രണ്ടാംഘട്ട മെട്രോ വികസനവും ഒന്നുംതന്നെ കാര്യക്ഷമമായി നടന്നിട്ടില്ല.
കൊച്ചി മെട്രോയ്ക്കുശേഷം ആരംഭിച്ച പല മെട്രോ പദ്ധതികള്‍ക്കും രണ്ടാംഘട്ട പിഐബി ക്ലിയറന്‍സ് ലഭിക്കുകയും പദ്ധതികള്‍ പൂര്‍ത്തീകരണത്തിലുമാണ്. കൊച്ചി മെട്രോയുടെ വിപുലീകരണ പരിപാടികളുടെ ഭാഗമായി പദ്ധതിയുടെ രണ്ടാംഘട്ടം (കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക്) നിലവില്‍ പിഐബി ബോര്‍ഡിന്റെ ഔദ്യോഗിക അംഗീകാരമോ മറ്റു നടപടികളോ ഒന്നുമുണ്ടായിട്ടില്ല. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാംഘട്ടം 11.3 കിലോമീറ്റര്‍ ദൂരം ഉള്‍ക്കൊള്ളുന്നു. 11 സ്‌റ്റേഷനുകളും അമ്പതിനായിരത്തോളം യാത്രക്കാരെയും കണക്കാക്കുന്നു. ഇത് സാമ്പത്തികഭദ്രതയും ലാഭവും ഉറപ്പുനല്‍കുന്നതാണ്.
രണ്ടാംഘട്ട പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ നഗരയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യം പരിഹരിക്കും. ഇവരില്‍ ഭൂരിഭാഗവും കക്കനാട് ഐടി പാര്‍ക്കില്‍നിന്നും സ്മാര്‍ട്ട് സിറ്റിയില്‍നിന്നും പ്രവര്‍ത്തിക്കുന്ന ഐടി മേഖലയിലെ ജീവനക്കാരാണ്. മെട്രോ സൗകര്യം ഇന്‍ഫോ പാര്‍ക്കിലേക്ക് വ്യാപിപ്പിക്കുകയാണെങ്കില്‍ ഈ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ മെട്രോ സൗകര്യം പ്രത്യേകിച്ചും വനിതാ ജീവനക്കാര്‍ക്ക് പ്രത്യേകം ഉപയോഗപ്രദമാവാന്‍ കഴിയും. കൊച്ചി മെട്രോയുടെ രണ്ടാഘട്ട പദ്ധതികള്‍ക്ക് ഉടനടി നഗരകാര്യമന്ത്രാലയവും കേന്ദ്രസര്‍ക്കാരും അനുകൂല നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.