കര്‍ണാടക: ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തകരുമെന്നു മുന്‍ അഭ്യന്തര മന്ത്രി
ബംഗ്ലൂരു: ഭരണകക്ഷി എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചു രൂപീകരിച്ച ബിജെപി സര്‍ക്കാരിന് അധികകാലം മുന്നോട്ടു പോവാനാവില്ലെന്നു മുന്‍ അഭ്യന്തര മന്ത്രി എംബി പട്ടീല്‍. യെദ്യൂരപ്പ സര്‍ക്കാരിന് ആയുസ് കുറവാണ്. ആറുമാസത്തിനും ഒരു വര്‍ഷത്തിനും ഇടക്ക് സര്‍ക്കാര്‍ തകരുക തന്നെ ചെയ്യും. ഭരണകക്ഷി എംഎല്‍എമാരെ ചാക്കിട്ടു പിടിച്ച് പിന്‍വാതിലിലൂടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അതിനാല്‍ തന്നെ സര്‍ക്കാരിനു അധികകാലം മുന്നോട്ടു പോവാനാവില്ല- പട്ടീല്‍ വ്യക്തമാക്കി.
നിരവധി രാഷ്ട്ട്രീയ നാടകങ്ങള്‍ അരങ്ങേറിയ കര്‍ണാടകയില്‍ നാളെയാണ് യെദ്യൂരപ്പ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്. ഇതിനിടെ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച 14 വിമത എംഎല്‍എമാരെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്നു ജനതാദള്‍(എസ്) എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്. നേരത്തേ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ആകെ എണ്ണം 17 ആയി. ഭൈരതി ബാസവരാജ്, മുനിരത്‌ന, എസ് ടി സോമശേഖര്‍, റോഷന്‍ ബേയ്ഗ്, ആനന്ദ് സിങ്, എം ടി ബി നാഗരാജ്, ബി സി പാട്ടീല്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ഡോ. സുധാകര്‍, ശിവരാം ഹെബ്ബാര്‍, ശ്രീമന്ത് പാട്ടീല്‍(കോണ്‍ഗ്രസ്), കെ ഗോപാലയ്യ, നാരായണ ഗൗഡ, എ എച്ച് വിശ്വനാഥ്(ജെഡിഎസ്) എന്നിവരെയാണ് ഇന്ന് രാവിലെ സ്പീക്കര്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിയോടെ നിയമസഭയുടെ അംഗബലം 209 ആയി ചുരുങ്ങി. അയോഗ്യരാക്കപ്പെട്ടതോടെ ഇവര്‍ക്ക് അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്യാനാവില്ല. എന്നാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമായ 104 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്നാണു കരുതുന്നത്.