വായ്പാ തിരിച്ചടവ്: മോറട്ടോറിയം കാലാവധി ആറുമാസമാക്കണമെന്ന് ബെന്നി ബെഹനാന്‍
ദിവസവേതനത്തിനു ജോലിചെയ്യുന്ന ആളുകള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് രോഗഭീഷണി അകന്ന് സാമ്പത്തികസ്ഥിതി സുസ്ഥിരമാവാന്‍ കാലതാമസമെടുക്കും.
ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവിനുള്ള മോറട്ടോറിയം കാലാവധി ആറുമാസമാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എംപി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. രാജ്യം കൊറോണ രോഗവ്യാപന ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ജനങ്ങള്‍ കടുത്ത സാമ്പത്തികഞെരുക്കം അനുഭവിക്കുകയാണ്. ദിവസവേതനത്തിനു ജോലിചെയ്യുന്ന ആളുകള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് രോഗഭീഷണി അകന്ന് സാമ്പത്തികസ്ഥിതി സുസ്ഥിരമാവാന്‍ കാലതാമസമെടുക്കും.
മിക്കവാറും എല്ലാ കുടുംബങ്ങളും വാണിജ്യബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, മറ്റിതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പകള്‍ എന്നിങ്ങനെ പലവിധത്തിലുള്ള വായ്പകളെടുത്ത് ആവശ്യങ്ങള്‍ നിറവേറ്റുന്നവരാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ തിരിച്ചടവിനുള്ള മൂന്നുമാസം മോറട്ടോറിയം കാലാവധി കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീരെ അപര്യാപ്തമാണ്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും ജനങ്ങള്‍ക്ക് വായ്പാ തിരിച്ചടവിനു കൂടുതല്‍ സാവകാശം ആവശ്യമാണ്. അതിനാല്‍, എല്ലാ തരത്തിലുമുള്ള വായ്പകളുടെ തിരിച്ചടവിനുമുള്ള മോറട്ടോറിയം ആറുമാസമായി ദീര്‍ഘിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.