മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം; ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന് കുടുംബം
വ്യാഴാഴ്ച രാത്രി 8.35 ഓടെയായിരുന്നു അന്‍സാരിയുടെ മരണമെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. ബോധമില്ലാത്ത നിലയിലാണ് അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും തുടര്‍ന്ന് ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അന്‍സാരിയെ ഭക്ഷണത്തില്‍ സ്ലോ പോയിസന്‍ കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചു. തങ്ങള്‍ വിവരം അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണെന്നും ഉമര്‍ പ്രതികരിച്ചു. 'രണ്ട് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ കാണാനായി ജയിലിലെത്തിയെങ്കിലും ജയില്‍ അധികൃതര്‍ അനുവാദം നിഷേധിച്ചു. മാര്‍ച്ച് 19ന് അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി. ഞങ്ങള്‍ കോടതിയെ സമീപിക്കും', ഉമന്‍ അന്‍സാരി പറഞ്ഞു.
യുപിയിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള അന്‍സാരി കോണ്‍ഗ്രസ് നേതാവിനെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അറുപതില്‍ അധികം കേസുകളാണ് അന്‍സാരിയുടെ പേരിലുള്ളത്. എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ് അന്‍സാരി ജയിലിലായത്. ഉത്തര്‍പ്രദേശ് പോലിസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 66 ഗുണ്ടാത്തലവന്‍മാരുടെ ലിസ്റ്റില്‍ 66കാരനായ മുഖ്താര്‍ അന്‍സാരിയുടെ പേരുണ്ട്.
രണ്ട് തവണ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ ടിക്കറ്റിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമാണ് അന്‍സാരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മുഖ്താര്‍ അന്‍സാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബാന്ദ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.