മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ ബിജെപിയുടെ അജയ്യത തകര്‍ത്തു: എസ്ഡിപിഐ

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറുകണ്ടം ചാടിച്ച്‌കൊണ്ടുവന്നവരെയൊക്കെ പരാജയപ്പെടുത്തിയതിലൂടെ ബിജെപിയുടെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടര്‍മാരെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2019-10-26 09:11 GMT

ന്യൂഡല്‍ഹി: തീവ്രദേശീയതയുടെ വക്താക്കള്‍ ചമഞ്ഞിരുന്ന ബിജെപിയെ ആര്‍ക്കും പരാജയപ്പെടുത്താന്‍ ആവില്ലെന്ന ധാരണയാണ് മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തകര്‍ത്തു കളഞ്ഞതെന്ന് എസ്ഡിപിഐ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അവസരം തുറന്നിട്ടുകൊടുത്തിരിക്കുകയാണ് വോട്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറുകണ്ടം ചാടിച്ച്‌കൊണ്ടുവന്നവരെയൊക്കെ പരാജയപ്പെടുത്തിയതിലൂടെ ബിജെപിയുടെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടര്‍മാരെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടു സംസ്ഥാനങ്ങളിലെയും നിരവധി മന്ത്രിമാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് താഴേത്തട്ടില്‍ ബിജെപിയോടുള്ള എതിര്‍പ്പാണ് വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പോലും ബിജെപി മല്‍സരിപ്പിച്ച മുന്‍ കോണ്‍ഗ്രസ് യുവനേതാക്കളെ ജനം തള്ളിക്കളഞ്ഞു. ഭരണപക്ഷത്തിന് അനുകൂലമായി ഒരു തരംഗവും ഇല്ലെന്നാണ് ചില എന്‍സിപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥിളുടെ ഭൂരിപക്ഷം തെളിയിക്കുന്നത്.

ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമായത് നല്‍കാതെ തീവ്രദേശീയവികാരം ഇളക്കിവിട്ട് മുന്നോട്ടുപോവുന്ന ബിജെപിയുടെ അമിത ആത്മവിശ്വാസത്തെയും അഹങ്കാരത്തെയുമാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ തകര്‍ത്തിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെങ്കിലും സഖ്യകക്ഷികളുമായി നിരവധി വിട്ടുവീഴ്ച്ചകള്‍ക്കു തയ്യാറാവേണ്ടിവരുമെന്ന് ഫൈസി ചൂണ്ടിക്കാട്ടി.

ഇരു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷത്തെ പൂര്‍ണമായി ഇല്ലാതാക്കാമെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വ്യാമോഹം തകര്‍ന്നിരിക്കുന്നു. മോദിയുടെ കരിഷ്മയും അദ്ദേഹത്തിന്റെ ദേശീയതാ, രാജ്യസ്‌നേഹ മുദ്രാവാക്യങ്ങളും ജനങ്ങളെ ആകര്‍ഷിക്കുന്നില്ലെന്ന് വ്യക്തമായിരിക്കുന്നു.

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ അടികൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. രാജ്യത്തൊട്ടാകെ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ 19 മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അതില്‍ പലരും ബിജെപിയെയോ അതിന്റെ സഖ്യകക്ഷികളെയോ നേരിട്ട് പരാജയപ്പെടുത്തിയാണ് എംഎല്‍എ സ്ഥാനത്തെത്തിയിരിക്കുന്നത്. മുസ്ലിംകളെ പൂര്‍ണമായും ബഹിഷ്‌കരിക്കുക എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ സംഘടിതമായ പ്രചാരണം നടന്നിരുന്നുവെങ്കിലും ജനങ്ങള്‍ അത് തള്ളിക്കളഞ്ഞിരിക്കുകയാണെന്നാണ് ഫലം തെളിയിക്കുന്നതെന്ന് ഫൈസി വ്യക്തമാക്കി. 

Tags:    

Similar News