മമതയ്‌ക്കെതിരേ മുന്‍ വിശ്വസ്തന്‍; നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയെ രംഗത്തിറക്കി ബിജെപി

Update: 2021-03-06 15:20 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ എതിരാളിയായെത്തുന്നത് മുന്‍ വിശ്വസ്തനായ സുവേന്ദു അധികാരി. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി പാളയത്തിലെത്തിയസുവേന്ദുവിന്റേത് ഉള്‍പ്പെടെ 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. നന്ദിഗ്രാമില്‍നിന്ന് മല്‍സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസമാണ് സുവേന്ദുവിന്റെ പേര് ബിജെപി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞദിവസം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടാണ് നന്ദിഗ്രാമില്‍നിന്ന് മല്‍സരിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. തന്റെ വാക്കില്‍ ഉറച്ചുനില്‍ക്കുന്നു, നന്ദിഗ്രാമില്‍നിന്നുതന്നെ മല്‍സരിക്കും.

ഒരു സീറ്റില്‍ മാത്രമായിരിക്കും മല്‍സരിക്കുക. താന്‍ മുമ്പ് മല്‍സരിച്ച ഭുവാനിപൂര്‍ മണ്ഡലത്തില്‍ ശോഭന്‍ദേബ് ഛദ്യോപാധ്യായ മല്‍സരിക്കുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്. സുവേന്ദു അധികാരി നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരേ പോരാടാനെത്തുന്നതോടെ ഈ മണ്ഡലം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. മമതയുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. കഴിഞ്ഞ കുറച്ചുകാലങ്ങളായി ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മില്‍ വാക്‌പോരും തെരുവിലുള്ള ഏറ്റുമുട്ടലും പതിവാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി- തൃണമൂല്‍ പോര് മൂര്‍ച്ഛിക്കുമെന്നതില്‍ സംശയമില്ല. സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമാണ് നന്ദിഗ്രാം. കര്‍ഷകരുടെ ഭൂമിക്കുവേണ്ടിയുള്ള സമരം അരങ്ങേറിയ നന്ദിഗ്രാമില്‍നിന്നും ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ പ്രധാന ചുമതലക്കാരന്‍ സുവേന്ദു അധികാരിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സുവേന്ദു അധികാരി തൃണമൂല്‍ ഉപേക്ഷിച്ച് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. 2016 മുതല്‍ നന്ദിഗ്രാമില്‍നിന്നുള്ള തൃണമൂല്‍ എംഎല്‍എയാണ് അദ്ദേഹം.

Tags:    

Similar News