ന്യൂഡല്‍ഹി: ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേര്‍ത്ത നീതി ആയോഗിന്റെ യോഗത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും എത്തില്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും യോഗത്തിനെത്തില്ലെന്നാണ് അറിയുന്നത്.
നീതി ആയോഗ് തീരുമാനങ്ങള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് മമതയുടെ നടപടി. നീതി ആയോഗിന്റെ യോഗം സംസ്ഥാനങ്ങളുമായി ആലോചിക്കുന്നില്ല. ഫലപ്രദമായ തീരുമാനങ്ങള്‍ യോഗത്തിലുയരാറില്ല. നീതി ആയോഗിനെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് മമതാബാനര്‍ജി അയച്ച കത്തില്‍ പറയുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണനയ്‌ക്കെടുക്കാതെ കേന്ദ്രം തീരുമാനങ്ങളെടുക്കുന്നുവെന്നും മമത കത്തിൽ പറഞ്ഞു. അതേസമയം, ബംഗാൾ കാബിനറ്റില്‍ നിന്ന് പ്രതിനിധിയായി മറ്റുമന്ത്രിമാര്‍ പോകുമെന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.
എന്നാല്‍ സംസ്ഥാനത്തെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട ഉല്‍ഘാടന തിരക്ക് കാരണമാണ് യോഗത്തിനെത്താതതെന്നാണ് കെസിആര്‍ അറിയിച്ചത്. നേരത്തെ ജലസേചന പദ്ധതിയായ കലേശ്വരം പദ്ധതിയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രിയെ ക്ഷണിക്കാൻ കെസിആര്‍ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു എന്നാൽ അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് കെസിആര്‍ യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്നാണു സൂചന. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും രാഷ്ട്രപതി ഭവനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. നീതി ആയോഗിന്റെ അഞ്ചാം യോഗമാണിത്.