ഡല്‍ഹിയില്‍ വീണ്ടും ക്രൂരത; വസ്ത്രങ്ങള്‍ വലിച്ചുകീറി, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പാര്‍ക്കില്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ ശ്മശാനത്തില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടും ക്രൂരകൃത്യം അരങ്ങേറിയിരിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പോലിസ് സ്റ്റേഷന് സമീപമുള്ള ഹര്‍ഷ് വിഹാറിലെ ഹനുമാന് പാര്‍ക്കിലാണ് സംഭവം. ബെഞ്ചിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. പാര്‍ക്കില്‍ വ്യായാമം ചെയ്യാനെത്തിയവരാണ് ബെഞ്ചിന് സമീപം വിവസ്ത്രയാക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളും കാണപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍തന്നെ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാവാമെന്ന സംശയത്തിലാണ് പോലിസ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ തിരിച്ചറിയാനും കുടുംബവുമായി ബന്ധപ്പെടാനും പോലിസ് ശ്രമിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ ശ്മശാനത്തില്‍ ഒമ്പതുവയസ്സുകാരി മരിച്ചത് തുടക്കത്തില്‍ വൈദ്യുതഘാതമേറ്റാണെന്നാണ് പുരോഹിതന് പറഞ്ഞത്. എന്നാല്‍, അന്വേഷണത്തില്‍ കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു.