ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലിയുടെ ഖേദപ്രകടനം. അവകാശവാദങ്ങള്‍ ആശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെയാണ് ഖേദപ്രകടനം.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസ് നല്‍കിയെങ്കിലും പതഞ്ജലി ഇതിനോട് പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോവുകയായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രിംകോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാല്‍ കൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടത്.