ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെയായെന്ന് നടി സ്വര ഭാസ്‌കര്‍

ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ച് കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി ഞാന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു പകരം കൂടുതല്‍ മോശമാവുകയാണ്.

Update: 2019-07-25 06:35 GMT

മുംബൈ: ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെയായെന്നു പ്രശസ്ത ഹിന്ദി നടി സ്വര ഭാസ്‌കര്‍. ആള്‍ക്കൂട്ട ആക്രമണം ഇന്ന് രാജ്യത്ത് പകര്‍ച്ചവ്യാധി പോലെയായിരിക്കുന്നുവെന്നും ഈ യാഥാര്‍ഥ്യത്തില്‍ നിന്നു രാജ്യത്തിന് മുഖം തിരിക്കാനാവില്ലെന്നും 31കാരിയായ സ്വര ഭാസ്‌കര്‍ മുംബൈയില്‍ ഒരു ചടങ്ങിനിടെ പറഞ്ഞു. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിര്‍മാതാവ് അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ തുടങ്ങിയവര്‍ ഉള്‍പ്പെടെ 49 പേര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ അവര്‍ പുകഴ്ത്തുകയും ചെയ്തു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാജമാണെന്നു പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. കത്തയച്ച കലാകാരന്‍മാരുടെ നീക്കം ഏറെ പ്രശംസനീയമാണ്. എന്താണ് നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നതെന്ന് കത്തില്‍ പറയുന്നുണ്ട്. ദാരുണ സംഭവങ്ങളില്‍ ശക്തമായ നിയമം തന്നെ വേണം. ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ച് കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി ഞാന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു പകരം കൂടുതല്‍ മോശമാവുകയാണ്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടങ്ങള്‍ക്കാണ്. ഇക്കാര്യത്തില്‍ അധികാരമുള്ള പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. ജയ് ശ്രീരാം വിളി കൊലവിളിയായെന്നും ആള്‍ക്കൂട്ട ആക്രമണം തടയാന്‍ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് വിവിധ രംഗങ്ങളില്‍ പ്രശസ്തരായ കലാകാരന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.



Tags:    

Similar News