ബിജെപി ഭരണത്തില്‍ രാജ്യത്ത് തല്ലിക്കൊലകള്‍ വര്‍ധിക്കുന്നു: എസ്ഡിപിഐ

Update: 2019-06-30 12:08 GMT

ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം ശക്തമാവുന്നത് തല്ലിക്കൊലകള്‍ക്ക് പ്രോല്‍സാഹനമാവുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം റഹ്മാനി. ബിഗംപൂരിലെ രോഹിണി നഗറില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഒരു വിഭാഗം അക്രമികള്‍ മൗലാനാ മോമിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനീതിക്കെതിരെയുള്ള പോരാട്ടം രാജ്യത്ത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളായി സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിഞ്ഞിരുന്ന ബഹുസ്വര സമൂഹമാണ് ഇന്ത്യയിലേത്. ബ്രിട്ടീഷ് നയമായ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് മോദി ഭരണത്തില്‍ രാജ്യത്ത് നടപ്പാക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. രാജ്യത്ത്് എല്ലാ വിഭാഗം ജനങ്ങളും സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ എല്ലാം തകിടം മറിഞ്ഞു. ബിജെപി ഉയര്‍ത്തുന്ന കിരാത ഭരണത്തിനെതിരേ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണം. നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ഈ പ്രിയപ്പെട്ട രാജ്യത്തിനു വേണ്ടി ജീവന്‍ അര്‍പ്പിച്ചവരാണ്. ഡല്‍ഹിയിലെ ഓരോ മണല്‍ തരികളിലും അവരുടെ രക്തകണങ്ങള്‍ കാണാം. മുസ്‌ലിം രാജ്യത്തിനുവേണ്ടിയായിരുന്നില്ല അവര്‍ ജീവന്‍ അര്‍പ്പിച്ചത്, മറിച്ച് എല്ലാ വിഭാഗം ജനങ്ങളും സന്തോഷത്തില്‍ അധിവസിക്കുന്ന ബഹുസ്വര രാജ്യത്തിനു വേണ്ടിയായിരുന്നു. അവര്‍ പോരാടിയത് ഭരണഘടന സംരക്ഷിക്കുന്നതിനായിരുന്നു. ഈ ഭരണഘടന സംരക്ഷിക്കുന്നതിന് നമ്മളും മരിക്കാന്‍ വരെ തയ്യാറാണെന്ന് അവരോട് പ്രഖ്യാപിക്കണം.

അനീതിക്കെതിരേ പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്നു. അനീതിക്കെതിരായ പോരാട്ടം രാജ്യത്തിന്റെ മുക്കു മൂലകളിലേക്കുവരെ വ്യാപിപ്പിക്കും. നിരപരാധികളെ അക്രമിക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാവണം. ഡല്‍ഹിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ അവസ്ഥ എന്താവുമെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് ക്രമസമാധാനം പരിരക്ഷിക്കണമെന്നും ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രം നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. 

Tags:    

Similar News