മൂന്നുമാസം പ്രായമായ കുഞ്ഞിനെ മാതാവ് ആശുപത്രി കെട്ടിടത്തില്‍നിന്ന് എറിഞ്ഞുകൊന്നു
ലഖ്‌നോവിലെ ട്രോമാ സെന്റര്‍ ഓഫ് കിങ് ജോര്‍ജസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി (കെജിഎംയു) യിലാണ് തിങ്കളാഴ്ച മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം മാതാവാണെന്ന് പോലിസിന് വ്യക്തമായത്.
ലഖ്‌നോ: മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് എറിഞ്ഞുകൊന്ന മാതാവിനെ പോലിസ് അറസ്റ്റുചെയ്തു. ലഖ്‌നോവിലെ ട്രോമാ സെന്റര്‍ ഓഫ് കിങ് ജോര്‍ജസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി (കെജിഎംയു) യിലാണ് തിങ്കളാഴ്ച മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം മാതാവാണെന്ന് പോലിസിന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ഗോരക്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലാണ് കുഞ്ഞ് ജനിക്കുന്നത്.
കുറച്ചുദിവസങ്ങള്‍ക്കുശേഷം കുഞ്ഞിന് മഞ്ഞപ്പിത്തം പിടിപെട്ടു. തുടര്‍ന്ന് കുഞ്ഞിനെ ചികില്‍സയ്ക്കായി മെയ് 26ന് ലഖ്‌നോ കെജിഎംയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍, മഞ്ഞപ്പിത്തം കുഞ്ഞിന്റെ കരളിനെ ബാധിച്ചിട്ടുണ്ടെന്നും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നും മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതിലുള്ള മനോവിഷമത്താലാണ് ഇത്തരമൊരു കടുംകൈയ്ക്ക് മാതാവ് മുതിര്‍ന്നത്. സംഭവം നടക്കുന്ന ദിവസം യുവതിയുടെ ഭര്‍ത്താവും സഹോദരനും ആശുപത്രി വാര്‍ഡിന്റെ പുറത്ത് ഉറങ്ങുകയായിരുന്നു.
യുവതി തന്നെയാണ് കുഞ്ഞിനെ വാര്‍ഡില്‍ കാണാനില്ലെന്ന വിവരം ഭര്‍ത്താവിനെയും സഹോദരനെയും അറിയിച്ചത്. കുഞ്ഞിനെ ആശുപത്രിയിലെ നഴ്‌സ് മോഷ്ടിച്ചതാണെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിലെ സിസിടിവി പരിശോധിച്ച പോലിസാണ് കുഞ്ഞിനെ കാണാതായതിന് പിന്നില്‍ മാതാവ് തന്നെയാണെന്ന് കണ്ടെത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയിലെ ബാല്‍ക്കെണിയില്‍നിന്ന് കുഞ്ഞിനെ മാതാവ് താഴേക്കെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് വ്യക്തമായത്. ഇതോടെ മാതാവിനെ പോലിസ് അറസ്റ്റുചെയ്യുകയായിരുന്നു.