മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ മാര്‍ച്ച് മൂന്ന് വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു
മുംബൈ: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് മൂന്ന് വരെയാണ് മാലിക്കിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കള്ളപ്പണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടെതാണ് നടപടി. ബുധനാഴ്ച രാവിലെ ആറിന് നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇഡി സംഘം അദ്ദേഹത്തെ ഒരുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നീട് മാലിക്കിനെ ഇഡി ഓഫിസിലേക്കു കൊണ്ടുപോയി. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട അധോലോക കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് 62 കാരനായ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്. ദക്ഷിണ മുംബൈയിലെ ഇഡി ഓഫിസിന് സമീപമുള്ള പാര്‍ട്ടി ആസ്ഥാനത്ത് എന്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനും അന്വേഷണ ഏജന്‍സിക്കുമെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരേ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിയും നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് വീട്ടില്‍നിന്ന് കൊണ്ടുപോയ രീതി മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതാണ്. ഒരു കേന്ദ്ര ഏജന്‍സി സംസ്ഥാനത്ത് വന്ന് ഒരു മന്ത്രിയെ കൊണ്ടുപോയിരിക്കുകയാണ്.
2024ന് ശേഷം ബിജെപിയും അന്വേഷണം നേരിടേണ്ടിവരും. അത് മറുന്നുപോവരുതെന്നാണ് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കിയത്. ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതില്‍ നവാബ് മാലിക് ദുരൂഹത ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപി നേതാക്കന്‍മാര്‍ക്കുമെതിരേ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരുമായി നവാബ് മാലിക്ക് നടത്തിയ ഭൂമിയിടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം.