വിമാനത്തില്‍ പ്രസവം, നവജാത ശിശുവിനെ ശുചിമുറിയില്‍ ഉപേക്ഷിച്ചു; യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രസവത്തിന് ശേഷം നവജാതശിശുവിനെ വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച യുവതി പിടിയിലായി. മഡഗാസ്‌കറില്‍നിന്ന് പുറപ്പെട്ട എയര്‍ മൗറീഷ്യസ് വിമാനത്തിനുള്ളിലാണ് ഇവര്‍ കുഞ്ഞിനെ പ്രസവിച്ചത്. സംഭവത്തില്‍ മഡഗാസ്‌കറില്‍നിന്നുള്ള 20 കാരിയെ അറസ്റ്റ് ചെയ്തു. പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്‌ക്രീന്‍ ചെയ്തപ്പോഴാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ടോയ്‌ലറ്റ് പേപ്പറില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. ഉടന്‍തന്നെ കുഞ്ഞിനെ ചികില്‍യ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
സര്‍ സീവൂസാഗര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യുവതിയെ മെഡിക്കല്‍ സംഘം പരിശോധിച്ചു. കുട്ടി തന്റേതല്ലെന്ന് ആദ്യം നിഷേധിച്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയാണ് പ്രസവിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രസവിച്ച ശേഷം ഇവര്‍ കുഞ്ഞിനെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വ്യക്തമായത്. ഇവര്‍ കുട്ടിയെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം അറിവായിട്ടില്ല. യുവതിയും ശിശുവും ആശുപത്രിയില്‍ പോലിസ് നിരീക്ഷണത്തിലാണ്. കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.