ലഖ്‌നോ: ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗികളുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ സമയങ്ങളില്‍ ഒരുമണിക്കൂര്‍ ഇളവ് നല്‍കിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. സംസ്ഥാനത്ത് രാത്രി 10 മുതല്‍ രാവിലെ ആറുവരെയായിരുന്നു രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് ഒമിക്രോണ്‍ വകഭേദം രാജ്യത്തുടനീളം കേസുകളുടെ വര്‍ധനവിന് കാരണമായതിനെത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.
യുപിയില്‍ വെള്ളിയാഴ്ച 842 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. സജീവ കേസുകള്‍ ഒരാഴ്ച മുമ്പ് 15,000 ആയിരുന്നത് ഇന്ന് 8,683 ആയി കുത്തനെ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 22,270 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇന്നലത്തെ അപേക്ഷിച്ച് 14.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,28,02,505 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 325 മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ റിപോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,11,230 ആയി ഉയര്‍ന്നു.