നിര്‍മലാ സീതാരാമന്റെ ബജറ്റ് സമ്പദ്ഘടനയെ ഐസിയുവില്‍നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി: ബിനോയ് വിശ്വം
അഞ്ച് ട്രില്യന്‍ ഡോളറിലെത്താന്‍ പ്രതിവര്‍ഷം 14.4 ശതമാനം വളര്‍ച്ച നേടണമെന്നിരിക്കെ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക് 4.5 ശതമാനമായി താഴ്ന്നിരിക്കുകയാണ്.
ന്യൂഡല്‍ഹി: നിര്‍മലാ സീതാരാമന്റെ ബജറ്റ് സമ്പദ്ഘടനയെ ഐസിയുവില്‍നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണെന്ന് സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം. ഈ രോഗിക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രതിവിധിക്ക് ഒടുവില്‍ 'ഓപറേഷന്‍ വിജയകരം; രോഗി മരിച്ചു' എന്ന് ഇന്ത്യ കേള്‍ക്കേണ്ടിവരുമെന്ന് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. അഞ്ച് ട്രില്യന്‍ ഡോളറിലെത്താന്‍ പ്രതിവര്‍ഷം 14.4 ശതമാനം വളര്‍ച്ച നേടണമെന്നിരിക്കെ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക് 4.5 ശതമാനമായി താഴ്ന്നിരിക്കുകയാണ്. എല്‍ഐസി അടക്കമുള്ള ദേശീയ സമ്പത്ത് വിറ്റ് പണമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അത് വിനാശകരമാണെന്ന് സംഘപരിവാറിന്റെ ഭാഗമായ ബിഎംഎസ് പ്രമേയം ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഗ്രാമീണതൊഴിലില്ലായ്മ 8 ശതമാനം വര്‍ധിച്ചെന്ന് പഠനങ്ങള്‍ പറഞ്ഞിരിക്കെ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 10,000 കോടി വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ബിനോയ് കുറ്റപ്പെടുത്തി. കാര്‍ഷികമേഖലയിലെ സര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷക ആത്മഹത്യയ്ക്ക് ആക്കംകൂട്ടുന്നു, വ്യവസായനയത്തിനെതിരേ തൊഴിലാളികള്‍ സമരരംഗത്തിറങ്ങുന്നു. സ്വദേശി വാദം പറയുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് വിദേശനിക്ഷേപത്തിനു വരവേല്‍പ്പ് നല്‍കുന്ന കാഴ്ചയാണ് ജനങ്ങള്‍ കാണുന്നത്. ബിജെപി എല്ലാവരെയും രാജ്യദ്രോഹികളെന്ന് വിളിക്കുന്നു. നയങ്ങള്‍ നോക്കിയാണ് ആ പേര് വിളിക്കേണ്ടതെങ്കില്‍ അത് ബിജെപിക്കായിരിക്കും ഇണങ്ങുകയെന്ന് ബിനോയ് വിശ്വം പറഞ്ഞു.