പാക് സൈന്യവുമായി ബന്ധമില്ല; വിദ്വേഷ പ്രചാരണത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നു; വിശദീകരണവുമായി പ്രഭാസിന്റെ നായിക ഇമാന്‍വി

ഹൈദരാബാദ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി ഇമാന്‍വി. ആക്രമണത്തിന് പിന്നാലെ ഇമാന്‍വി പാകിസ്താന്‍ വംശജയാണെന്നും നടിയുടെ കുടുംബത്തിന് പാകിസ്താന്‍ സൈന്യവുമായി ബന്ധമുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഈ അഭ്യൂഹങ്ങള്‍ വെറും നുണകള്‍ മാത്രമാണെന്നാണ് ഇമാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
പഹല്‍ഗാം ആക്രമണത്തില്‍ അനുശോചനങ്ങള്‍ അറിയിച്ചു കൊണ്ടാണ് ഇമാന്‍വിയുടെ കുറിപ്പ്. ''ആദ്യം തന്നെ പഹല്‍ഗാമില്‍ നടന്ന ദാരുണ സംഭവത്തില്‍ അനുശോചനങ്ങള്‍ അറിയിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ പ്രിയപ്പെട്ടവരെയും ഓര്‍ത്ത് ഹൃദയം നുറുങ്ങുകയാണ്. നിരപരാധികളുടെ ജീവന്‍ നഷ്ടമായത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുകയാണ്. അക്രമാസക്തമായ ഈ സംഭവത്തെ ഞാന്‍ അപലപിക്കുന്നു. കലയിലൂടെ വെളിച്ചവും സ്നേഹവും പകരുക എന്ന ദൗത്യം ഏറ്റെടുത്തയാള്‍ എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും ഒന്നിക്കാന്‍ കഴിയുന്ന ദിവസം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.''
''ഇനി എന്റെ കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും പ്രചരിച്ചു കൊണ്ടിരിക്കുന്ന വാജ്യ വാര്‍ത്തകളോടും വിദ്വേഷ പ്രചാരണങ്ങളോടും നുണകളോടും പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കുടുംബത്തില്‍ പാകിസ്താന്‍ ആര്‍മിയുമായി ബന്ധമുള്ള ആരുമില്ല എന്ന് ആദ്യമേ വ്യക്തമാക്കുന്നു. വിദ്വേഷ പ്രചാരണത്തിനായി ഓണ്‍ലൈനില്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയയും ഉറവിടം അന്വേഷിക്കാതെ അപവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതില്‍ നിരാശയുണ്ട്''
''ഹിന്ദിയും തെലുങ്കും ഗുജറാത്തിയും ഇംഗ്ലിഷും ഒക്കെ സംസാരിക്കാന്‍ അറിയുന്ന ഒരു ഇന്ത്യന്‍ അമേരിക്കന്‍ ആണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ മാതാപിതാക്കള്‍ അമേരിക്കയില്‍ താമസമാക്കിയ ശേഷം ലോസ് ആഞ്ചല്‍സിലാണ് ഞാന്‍ ജനിച്ചത്. യുഎസിലെ യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, നടി, നര്‍ത്തകി, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ ഞാന്‍ കരിയര്‍ ആരംഭിച്ചു. വളരെയധികം പ്രവര്‍ത്തിച്ച ശേഷം ഇന്ത്യന്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചതില്‍ നന്ദിയുള്ളവളാണ്.''
''എന്റെ ജീവിതത്തില്‍ ഇന്ത്യന്‍ സിനിമ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. എന്റെ രക്തത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നത് ഇന്ത്യന്‍ സ്വത്വവും സംസ്‌കാരവുമാണ്. അതിനാല്‍ ഐക്യത്തിന്റെയും വിഭജനത്തിന്റെയും ഒരു രൂപമായി ഈ മാധ്യമത്തെ ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' എന്നാണ് ഇമാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, പ്രഭാസിനെ നായകനാക്കി ഹന രാഘവപുഡി ഒരുക്കുന്ന ചിത്രത്തിലാണ് ഇമാന്‍വി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.